തൃശൂർ: കോർപറേഷനു മൂക്കിനു താഴെയുള്ള ജയ്ഹിന്ദ് മാർക്കറ്റിലെ കംഫർട്ട് സ്റ്റേഷൻ തുറക്കാത്തതിനാൽ മാർക്കറ്റിലെത്തുന്നവർക്കും വ്യാപാരികൾക്കും പ്രാഥമിക കാര്യങ്ങൾ നടത്താൻ സാധിക്കാതെ കഷ്ടത്തിലായി.
കോവിഡിനെ തുടർന്ന് കോർപറേഷൻ ആരോഗ്യവിഭാഗം അടയ്ക്കുകയും ഓഫീസിലേക്ക് കയറാൻ സാധിക്കാതെ വരികയും ചെയ്തതോടെ ഇവിടേക്കും വ്യാപാരികൾക്ക് പോകാൻ സാധിക്കാതായി. നാലു മാസത്തോളമായി കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടിട്ട്.
ലോക്ക്ഡൗണ്‍ കഴിഞ്ഞ് കഴിഞ്ഞ ദിവസം മാർക്കറ്റും പരിസരവും ക്ലീനിംഗും നടത്തിയിരുന്നു. മേയറും ഉദ്യോഗസ്ഥരുമൊക്കെ സന്ദർശനം നടത്തിയെങ്കിലം ഏറ്റവും അത്യാവശ്യമായ കംഫർട്ട് സ്റ്റേഷന്റെ കാര്യത്തിൽ മാത്രം തീരുമാനമെടുക്കാതെ മടങ്ങി.
ജയ്ഹിന്ദ് മാർക്കറ്റിലുള്ള 720 കടകളിലെയും വ്യാപാരികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഈ കംഫർട്ട് സ്റ്റേഷനാണ്. കെട്ടിടങ്ങളിൽ ടോയ്ലെറ്റുകൾ ഉണ്ടെങ്കിലും വൃത്തിഹീനമായതിനാൽ ഉപയോഗിക്കാൻ സാധിക്കില്ല. അഥവാ ഉപയോഗിച്ചാൽ തന്നെ പകർച്ച വ്യാധികൾ ഇവിടെ നിന്നും പടർന്നു കിട്ടുമെന്നതാണ് ഭീഷണി.
പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നതിനാൽ ശുചിത്വം പാലിക്കണമെന്ന് പറയുന്ന കോർപറേഷൻ മുന്പിൽ തന്നെയുള്ള കംഫർട്ട് സ്റ്റേഷൻ തുറക്കാൻ ഇനിയും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് വ്യാപാരികൾ പറഞ്ഞു.