സ്വന്തം ലേഖകൻ
തൃശൂർ: ലോക്ഡൗണ് കാലത്ത് നേരന്പോക്കിന് തുടങ്ങിയത് ലോക്ഡൗണിന് ശേഷം വരുമാനമായി മാറിയ കഥയാണ് അയ്യന്തോൾ സ്വദേശി ഐ.ജി.രാജേഷിന്റേത്. ആ കഥയ്ക്ക് ചിരട്ടയുടെ ഉറപ്പും ഭംഗിയുമുണ്ട്. ച
ിരട്ട കൊണ്ട് മനോഹരമായ മാലയും വളയും കമ്മലുമൊക്കെ നിർമിക്കുന്ന ഹോബി ലോക്ഡൗണിൽ തുടങ്ങിയതാണ് ലോക്ഡൗണിന് ശേഷം രാജേഷിന് വരുമാനമായിരിക്കുന്നത്. തൃശൂരിൽ ഡ്രീം ബാങ്ക് ക്രിയേഷൻസ് എന്ന ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം നടത്തുന്ന രാജേഷിന് ലോക്ഡൗണായതോടെ സ്ഥാപനം എല്ലാവരേയും പോലെ അടച്ചിടേണ്ടി വന്നു.
ലോക്ഡൗണിന്റെ തുടക്കത്തിൽ വീട്ടിലിരുന്ന് ഡിസൈനിംഗ് വർക്കുകൾ ചെയ്തിരുന്നുവെങ്കിലും പിന്നീടതെല്ലാം നിലച്ചു. ഇനിയെന്ത് എന്ന ചിന്തയിൽ നിന്നാണ് ചിരട്ടകൊണ്ടുള്ള ഫാൻസി ആഭരണങ്ങൾ എന്ന ആശയം രാജേഷിനുണ്ടാകുന്നത്.
തൃശൂർ ഫൈൻ ആർട്സ് കോളജിലെ പൂർവ വിദ്യാർഥിയായ രാജേഷ് വൈകാതെ തന്റെ ആശയത്തിന് നിറം കൊടുത്തു. ഏറെ ക്ഷമയോടും അതിലേറെ സൂക്ഷ്മതയോടും കൂടി മാത്രമേ ചിരട്ടയിൽ നിന്ന് ഫാൻസി ആഭരണങ്ങൾ നിർമിക്കാനാകൂവെന്ന് രാജേഷ് പറഞ്ഞു.
വലിപ്പമുള്ളതും മൂപ്പേറിയതുമായ കട്ടിയുള്ള ചിരട്ടയിലാണ് പണികൾ. പേപ്പറിലും പിന്നെ മനസിലും ഡിസൈൻ വരയ്ക്കും. ചിരട്ട വെള്ളത്തിലിട്ട് കുതിർത്തും ഉണക്കിയുമൊക്കെയാണ് അതിൽ നിന്ന് മാലകളും കമ്മലുമൊക്കെ രൂപപ്പെടുത്തുന്നത്.
ചിലപ്പോൾ എല്ലാ പണികളും കഴിഞ്ഞ് ഫിനിഷിംഗ് ടച്ചിലായിരിക്കും ചിരട്ട പൊട്ടുക. അതോടെ അതുപേക്ഷിക്കുകയേ വഴിയുള്ളു. ചിരട്ട ആഭരണങ്ങളിൽ മ്യൂറൽ പെയിന്റിംഗിന്റെ വർണഭംഗി കൂടി രാജേഷ് പരീക്ഷിക്കുന്നുണ്ട്. ഒരു മാലയുണ്ടാക്കാൻ ചുരുങ്ങിയത് നാലു ദിവസം വേണം.
കോക്കനട്ട് ഷെൽ ആർട്ടിൽ വരുമാനം ഒളിഞ്ഞിരിപ്പുണ്ടെന്ന് രാജേഷ് സുഹൃത്തുക്കളിൽ നിന്നാണ് തിരിച്ചറിഞ്ഞത്. വിലകൊടുത്ത് കൂട്ടുകാരിൽ ഒരാൾ ചിരട്ട മാലവാങ്ങിയത് അതിന്റെ തുടക്കം.
പിന്നീട് വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും രാജേഷ് തന്റെ കലാവിരുത് പോസ്റ്റു ചെയ്തപ്പോൾ പലരും ആ ഫാൻസി ആഭരണങ്ങൾ തേടിയെത്തി. അങ്ങിനെ ചിരട്ട രാജേഷിന് വരുമാനമാകുന്പോൾ തെങ്ങ് ചതിക്കില്ലെന്ന പഴമൊഴിയിൽ സത്യമുണ്ടെന്ന് രാജേഷ് വിശ്വസിക്കുന്നു.
സ്കെച്ച് പേനയും റബർബാൻഡും കൊണ്ട് റബർബാൻഡ് ആർട്ട് ഒരുക്കി ഇതിന് മുൻപും രാജേഷ് തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. തൃശൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം നടന്ന സമയത്ത് റബർബാൻഡ് ആർട്ടുമായി രാജേഷ് കലോത്സവനഗരയിൽ വിസ്മയം തീർത്തിരുന്നു.
നാളികേരം ചിരകിയ ശേഷം അടുപ്പിനകത്തേക്കോ പറന്പിലേക്കോ വലിച്ചെറിയുന്ന ചിരട്ടയാണ് കഴുത്തിലും കാതിലുമൊക്കെ അഴകിന്റെ പുതിയ കാഴ്ചയൊരുക്കുന്നത്.