ചാവശേരി: മട്ടന്നൂർ ചാവശേരി പത്തൊൻമ്പതാം മൈലിൽ റോഡരികിൽ നട്ടുപിടിപ്പിച്ച തണൽ മരങ്ങൾ വ്യാപകമായി നശിപ്പിച്ചു. പുതുതായി നിർമിച്ച കെട്ടിടത്തിന് മുന്നിലായുള്ള പത്തോളം തണൽ മരങ്ങളാണ് നശിപ്പിച്ചത്.
തലശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡരികിലെ നൂറ് കണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയതോടെ വേനൽക്കാലത്ത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ദുരിതമായതോടെയാണ് ചാവശേരി വളോര സ്വദേശി എൻ.മുഹമ്മദിന്റെ നേതൃത്വത്തിൽ റോഡിന്റെ ഇരുവശങ്ങളിലും തൈ നട്ടു പിടിപ്പിച്ചത്.
രണ്ടു വർഷം മുമ്പാണ് റോഡരികിൽ തൈ നട്ടുപിടിപ്പിച്ചത്. തണൽ മരങ്ങൾ നശിച്ചു പോകാതിരിക്കാൻ മരം കൊണ്ടും കമ്പി കൊണ്ടും നിർമിച്ച വേലി കെട്ടി സംരക്ഷിച്ചാണ് തൈ നട്ടുപിടിക്കാറുള്ളത്. രണ്ടു വർഷം പ്രായമായ തൈകൾ ഉൾപ്പെടെ മുറിച്ചും പിഴതു മാറ്റിയുമാണ് നശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തണൽ മരങ്ങൾ സംരക്ഷിക്കുന്നതിന് സ്ഥാപിച്ച മരവേലികൾ സമീപത്തെ കലുങ്കിനോട് ചേർന്നു വലിച്ചെറിഞ്ഞ നിലയിലാണ്. മുമ്പും റോഡരികിലെ മരങ്ങൾ മുറിച്ചു മാറ്റിയതായും തണൽമരങ്ങൾ നശിപ്പിച്ചവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു.
തണൽ മരങ്ങൾ നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഡ്രൈവറായ മുഹമ്മദ് കർണാടകത്തിലും മറ്റും ട്രിപ്പ് പോയി വരുന്നതിനിടെയാണ് റോഡരികിൽ വച്ചു പിടിപ്പിക്കാനുള്ള വ്യക്ഷതൈകൾ കൊണ്ടുവന്നിരുന്നത്.
ചാവശേരി, പത്തൊൻമ്പതാം മൈൽ, വള്ളിത്തോട്, കിളിയന്ത്ര, കളറോഡ്, നിർമലഗിരി തുടങ്ങിയ സ്ഥലങ്ങളിലായി നൂറിലേറെ തൈകൾ ഇതുവരെയായി വച്ചു പിടിപ്പിച്ചിരുന്നു. വേപ്പ്, ഞാവൽ, പ്ലാവ്, പുളിമരം തുടങ്ങിയ വിവിധ തരം തൈകളാണ് നശിപ്പിച്ചത്.