ശ്രീകണ്ഠപുരം: കോവിഡ്-19 സ്ഥിരീകരിച്ച് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഡ്രൈവർ പടിയൂർ ബ്ലാത്തൂരിലെ കെ.പി. സുനിലി (28) ന്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടും സഹോദരൻ കെ.പി.സുമേഷ് പരാതി നൽകി.
മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ, പട്ടികജാതി-വർഗ കമ്മീഷൻ ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയത്. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പനി ബാധിച്ചതിനെത്തുടർന്ന് സുഹൃത്തിന്റെ ഓട്ടോറിക്ഷയിൽ കഴിഞ്ഞ 14 ന് രാവിലെയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഇവിടുന്ന് കൂടുതൽ പരിശോധനയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് പോകണമെന്ന് പറഞ്ഞതിനെത്തുടർന്ന് അതേ ഓട്ടോറിക്ഷയിൽ വൈകുന്നേരത്തോടെ ആശുപത്രിയിലെത്തി.
അന്ന് തന്നെ കോവിഡ് ഐസിയുവിലേക്കാണ് മാറ്റിയത്. കോവിഡ് പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ കോവിഡ് ഐസിയുവിലേക്ക് മാറ്റിയത് ഗുരതരവീഴ്ചയാണ്. ഇവിടുന്ന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നത് സുനിൽ 16 ന് രാവിലെ സഹോദരൻ സുമേഷിനെ വിളിച്ച ശബ്ദസന്ദേശത്തിൽ നിന്ന് തന്നെ വ്യക്തമാണ്.
ഇതിനിടെ സുനിലിന് കോവിഡ് ബാധിച്ചതൊന്നും അറിയിച്ചിട്ടുമില്ലെന്നും പരാതിയിൽ പറയുന്നു. പിജി വിദ്യാർഥികളാണ് സുനിലിനെ ചികിത്സിച്ചതെന്നും പ്രധാന ഡോക്ടർമാർ പരിശോധനയ്ക്കെത്തിയില്ലെന്നും പരാതിയിലുണ്ട്.
അതിനിടെ സുനിലിന്റെ പ്രാഥമിക സമ്പർക്കപട്ടിയിൽ ഉൾപ്പെട്ട അന്പതോളം പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. കുടുംബാംഗങ്ങളുടെയും ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെയും സഹപ്രവർത്തകരായ എട്ടോളം എക്സൈസ് ഉദ്യോഗസ്ഥർ, കൂടെ കളിച്ചവർ ഉൾപ്പെടെയുള്ളവരുടെ ഫലമാണ് പുറത്തുവന്നത്.
പ്രാഥമിക സമ്പർക്ക പട്ടികയിൽ ജില്ലയിലാകെ 122 പേരാണുള്ളത്. അക്ഷേപമുണ്ടായതിനെ തുടർന്ന് സുനിലിന്റെ സ്രവം കൂടുതൽ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുമുണ്ട്.