തളിക്കുളം: ഉഗ്രവിഷമുണ്ടെങ്കിലും മൂർഖൻ പാന്പ് തളിക്കുളം ഗ്രാമപഞ്ചായത്തംഗം പി.ആർ. രമേഷിനു മുന്നിൽ പത്തി താഴ്ത്തി. തളിക്കുളം ബ്ലോക്ക് ഓഫീസിനു വടക്ക് സ്വകാര്യ വ്യക്തിയുടെ വീടിനു സമീപമാണ് ഇന്നലെ വൈകീട്ട് ആറടിയോളം നീളമുള്ള മൂർഖൻ പാന്പിനെ നാട്ടുകാർ കണ്ടത്.
സമീപത്തെ പൊന്തക്കാട്ടിൽ കീരിയുമായി കടിപിടികൂടിയാണു പാന്പ് ഇഴഞ്ഞു വന്നത്. ആളുകൾ അടുത്തേക്കു വന്നതോടെ പാന്പ് പത്തി വിടർത്തി ചീറിയടുത്തു.
നാട്ടുകാർ വിവരം അറിയിച്ചതോടെ തളിക്കുളം ഗ്രാമപഞ്ചായത്ത് അംഗം പി.ആർ. രമേഷിന്റെ നേതൃത്വത്തിൽ അനിമെൽ കെയർ സൊസൈറ്റി പ്രവർത്തകർ പാഞ്ഞെത്തി.
പാന്പ് രമേഷിന്റെ മുന്നിൽ പത്തി താഴ്ത്തി. തുടർന്ന് പാന്പിനെ കുപ്പിയിലാക്കി കൊണ്ടുപോയി. പാന്പിന് ഏഴു വയസോളം പ്രായമുണ്ടെന്ന് രമേഷ് പറഞ്ഞു.
ഏതാനും ദിവസം മുന്പ് കയർപൊട്ടിച്ച് ഓടിയ കാളയേയും രമേഷിന്റെ നേതൃത്വത്തിൽ പിടിച്ചുകെട്ടിയിരുന്നു. ഇതിനകം രമേഷ് മൂവായിരത്തിലധികം പാന്പുകളെ പിടികൂടിയിട്ടുണ്ട്. ഇപ്പോൾ പിടികൂടിയ പാന്പിനെ ഫോറസ്റ്റ് അധികൃതർക്കു കൈമാറും.