പാലക്കാട്: യുവതിയുടെ കുത്തേറ്റ് ഏഴുവയസുകാരനായ മകൻ മരിച്ചു. ഒന്പതുമാസം പ്രായമുള്ള മകളെ പുറത്തേക്കു വലിച്ചെറിയുകയും ചെയ്തു. ഇന്നു പുലർച്ചെ മണ്ണാർക്കാട് ഭീമനാട് വടശ്ശേരിപ്പുറത്താണ് സംഭവം.
ജമാലിയ മദ്രസയ്ക്കു പിന്നിൽ നാലകത്ത് വീട്ടിൽ ഹംസയുടെ മകളും ആലുവ സ്വദേശി സക്കീർ ഹുസൈന്റെ ഭാര്യയുമായ ഹസ്നത്ത് (36) ആണ് മകൻ മുഹമ്മദ് ഇർഫാനെ കുത്തി കൊലപ്പെടുത്തിയത്. സംഭവസമയത്ത് ഹസ്നത്തും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാവിലെ പുറത്തുനിന്ന് ചെറിയ കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. കുഞ്ഞ് വീടിന്റെ മുൻവശത്തുകിടന്ന് കരയുകയായിരുന്നു.
തുടർന്ന് അയൽക്കാർ വീടിനകത്തുകയറി നോക്കിയപ്പോഴാണ് ഇർഫാനെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടത്. കുട്ടിയുടെ മുതുകത്തും തലയ്ക്കു പിന്നിലുമാണ് മുറിവേറ്റിരിക്കുന്നത്.
പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവമുണ്ടായതെന്നു കരുതുന്നു. ഹസ്നത്തിന്റെ ഭർത്താവ് ആലുവയിലെ ജോലിസ്ഥലത്താണ്. ഭീമനാട് ജിയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഇർഫാൻ. ഹസ്നത്ത് അഞ്ചുവർഷത്തോളമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മാനസിക പ്രശ്നങ്ങൾക്കു ചികിത്സ തേടിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
ഷൊർണൂർ ഡിവൈഎസ്പി മുരളീധരൻ, നാട്ടുകൽ സിഐ അനീഷ്ലാൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി.