പനിക്കുള്ള പ്രതിരോധ മരുന്നിനാണ് യോഗ ഗുരു ബാബാ രാംദേവിന് പതഞ്ജലിക്ക് ലൈസൻസ് നൽകിയതെന്ന് ഉത്തരാഖണ്ഡ് സർക്കാർ. ഇമ്മ്യൂണിറ്റി ബൂസ്റ്ററിനുള്ള ലൈസൻസിൽ നിർമിച്ച മരുന്ന് കോവിഡ് ചികിത്സയ്ക്ക് സഹായിക്കും എന്ന് അവകാശപ്പെട്ട് വിപണനം നടത്തുന്നതിന് കമ്പനിക്കെതിരേ നോട്ടീസ് അയച്ചതായും സർക്കാർ വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് പതഞ്ജലി ‘ദിവ്യ കൊറോണിൻ ടാബ്ലെറ്റ്’, ‘ദിവ്യ ശ്വാസരി വതി’, ‘അനു തൈല’എന്നിവ പുറത്തിറക്കിയത്. കോവിഡ് പ്രതിരോധ മരുന്നു കണ്ടുപിടിക്കുന്നതിനായി ലോകം മുഴുവനുള്ള ഗവേഷകര്‍ കഠിന പ്രയത്നത്തിലാണ്. ഇതിനിടെയാണ് രോഗപ്രതിരോധത്തിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചതായി പതഞ്ജലി ഗ്രൂപ്പ് അവകാശപ്പെട്ടത്.
ഏഴു ദിവസംകൊണ്ട് കോവിഡ് പൂര്‍ണമായും ഭേദമാക്കുന്ന ആയുര്‍വേദമരുന്ന് വികസിപ്പിച്ചെന്നാണ് പതഞ്ജലി അവകാശവാദമുന്നയിച്ചിരുന്നത്. അശ്വഗന്ധ, ചിറ്റമൃത് തുടങ്ങിയ ഔഷധങ്ങളടങ്ങിയതാണു മരുന്ന്.
ഇതു പരീക്ഷിച്ച രോഗികള്‍ക്കു രോഗം മാറുകയോ ശരീരത്തിലെ വൈറല്‍ ബാധയുടെ തോത് കുറയുകയോ ചെയ്തതായി കമ്പനി അവകാശപ്പെട്ടിരുന്നു.
‘കൊറോണ കിറ്റ്’ പുറത്തിറക്കിയതിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് അയച്ചതായി ഉത്തരാഖണ്ഡ് ആയുർവേദ വകുപ്പിന്റെ ലൈസൻസ് ഓഫീസർ വൈ എസ് റാവത്ത് പറഞ്ഞു. കോവിഡ് -19 ചികിത്സയ്ക്കായി ഇതുവരെയും മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല.
“ജൂൺ 10 ന് പതഞ്ജലിയിൽ നിന്ന് ഞങ്ങൾക്ക് ഒരു അപേക്ഷ ലഭിച്ചു. ജൂൺ 12 ന് ഒരു പാനൽ പരിശോധനയ്ക്ക് ശേഷം അപേക്ഷ അംഗീകരിച്ചു, എന്നാൽ ചുമയ്ക്കും പനിക്കും എതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന രണ്ട് മൂന്ന് മരുന്നുകൾ നിർമ്മിക്കാൻ മാത്രമേ കമ്പനിക്ക് അനുമതിയുണ്ടായിരുന്നു,
അല്ലാതെ കൊറോണ വൈറസ് മരുന്നിനല്ല,” അദ്ദേഹം പറഞ്ഞു. 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ 170-ാം ചട്ടം പ്രകാരം കമ്പനിക്ക് നോട്ടീസ് അയയ്ക്കുന്നതെന്ന് റാവത്ത് അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ ഉൽപ്പന്നം കൊറോണ വൈറസിന് പരിഹാരമാണെന്ന് അവകാശപ്പെടുന്നത് നിയമപരമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പതഞ്ജലിയുടെ പ്രഖ്യാപനത്തിനു പിന്നാലെ, ഇങ്ങനെയൊരു മരുന്നിനെക്കുറിച്ചു വിവരമില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആയുഷ് മന്ത്രാലയം രംഗത്തെത്തിയിരുന്നു.
മാധ്യമങ്ങളിലൂടെയാണു കണ്ടുപിടുത്തതിന്റെ വിവരം അറിഞ്ഞതെന്നും കമ്പനിയോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു.
മരുന്നിലെ ചേരുവകള്‍, ഗവേഷണം നടത്തിയ ആശുപത്രികള്‍, മറ്റു കേന്ദ്രങ്ങള്‍, പരീക്ഷണത്തിനായി ഉപയോഗിച്ച സാംപിളുകളുടെ എണ്ണം, ട്രയല്‍ പരിശോധനാ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
മരുന്നിന്റെ പരസ്യം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ അത്തരം അവകാശവാദങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.