കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പ്രതികൾക്കെതിരെ കൂടുതല്‍ ആരോപണങ്ങൾ. സംഘം സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചെന്ന് യുവ മോഡലിന്റെ വെളിപ്പെടുത്തല്‍. പ്രതികള്‍ സ്വര്‍ണ്ണക്കടത്തിന് പ്രേരിപ്പിച്ചതായി യുവതി വെളിപ്പെടുത്തി.
ഷൂട്ടിംഗിനെന്ന പേരില്‍ പാലക്കാട്ട് എട്ടുദിവസം രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചു. സ്വര്‍ണ്ണക്കടത്ത് വാഹനങ്ങള്‍ക്ക് എസ്കോർട്ട് പോകാന്‍ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. അതിന് വഴങ്ങാതെ വന്നതോടെ ഭക്ഷണം നൽകാതെ എട്ട് ദിവസം തടവിൽ പാർപ്പിച്ചെന്നും ഇവർ പറയുന്നു.
പ്രതികരിച്ചപ്പോള്‍ വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. എട്ട് യുവതികളാണ് അവിടെ ഉണ്ടായിരുന്നതെന്നും യുവതി വെളിപ്പെടുത്തി. മാർച്ച് മാസത്തിലാണ് സംഭവം നടന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ സുഹൃത്ത് വഴി കൊച്ചി നോർത്ത് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നെന്നും ഇവർ പറയുന്നു.
ഷംന കാസിമിന്റെ അടക്കമുളള പരാതികളില്‍ ഡിസിപി ജി.പൂങ്കുഴലിക്ക് അന്വേഷണച്ചുമതല നല്കി. പരാതിക്കാരുടെ വിശദമൊഴി രേഖപ്പെടുത്തുമെന്നും കൊച്ചി കമ്മിഷണര്‍ വിജയ് സാഖറെ പറഞ്ഞു.