കോട്ടയം: മീൻ പിടിക്കുന്നതിനൊപ്പം മീനച്ചിലാറ്റിലുടെ ഒഴുകിയെത്തുന്ന കുപ്പികളും പെറുക്കിയെടുക്കുകയാണ് കുമ്മനം പള്ളിക്കണ്ടം അന്പൂരത്തിൽ ബഷീർ. കഴിഞ്ഞ അഞ്ചു വർഷമായി ബഷീർ തുടർന്നു പോരുന്ന പതിവാണിത്.
പിടയ്ക്കുന്ന മീനിനൊപ്പം വാരിയെടുക്കുന്ന പ്ലാസ്റ്റിക്കും ബഷീറിന് വരുമാനമാണ്. ഒപ്പം പുഴയ്ക്കു മോചനവും. മീൻ പിടിക്കാൻ രാവിലെ വള്ളത്തിൽ പോയപ്പോഴാണ് ഒഴുകി വരുന്ന കുപ്പികൾ കണ്ണിൽപ്പെട്ടത്. ഇതോടെ മീനിനൊപ്പം കുപ്പികളും പിടിച്ചു തുടങ്ങി.
സ്വന്തം വള്ളത്തിലാണ് ഈ അറുപത്തിയഞ്ചുകാരന്റെ യാത്ര. ഇല്ലിക്കൽ മുതൽ കാഞ്ഞിരം വരെ ദിവസം രണ്ടു തവണയാണു തുഴഞ്ഞു നീങ്ങുന്നത്. രാവിലെ തുടങ്ങുന്ന യാത്ര ഉച്ചയോടെ വിശ്രമത്തിനായി നിർത്തും. പിന്നെ ഉച്ചകഴിഞ്ഞ് ഒന്നു കൂടി കറങ്ങും. വള്ളത്തിൽ കുപ്പികൾ നിറയുന്പോൾ ചെങ്ങളത്തും താഴത്തങ്ങാടിയിലും കുപ്പികൾ വിൽക്കും.
ആദ്യ കാലത്ത് കിലോയ്ക്ക് 40 രൂപ വരെ കിട്ടിയിരുന്നു. ഇപ്പോൾ 10 രൂപ മാത്രമാണ് കിട്ടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പുഴയെ മലിനമാക്കുന്ന കാഴ്ചകൾ കണ്ടു മടുത്തു.
ഒരു നാൾ ഇല്ലിക്കൽ പാലത്തിന്റെ അടിയിൽവച്ച് വാഹനത്തിൽ നിന്നു തള്ളിയിട്ട മാലിന്യച്ചാക്ക് തലയിൽ വീഴാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
മീൻപിടിത്തത്തിനൊപ്പം പുഴയെ മലിനമാക്കുന്ന പ്ലാസ്റ്റിക്കും ശേഖരിക്കാനാണ് ബഷീറിന്റെ തീരുമാനം. ഭാര്യ: കുഞ്ഞുപാത്തുമ്മ, മക്കൾ ഷെറീന, റിയാന, ഷെമീർ.