ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കേരള സർക്കാരിനെ അഭിനന്ദിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. കേന്ദ്രം കേരളത്തിന് അയച്ച കത്തിലെ കോംപ്ലിമെന്റ് എന്ന വാക്ക് അഭിനന്ദനമല്ലെന്നും മുരളീധരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് പ്രായോഗിക നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം കേരളത്തിന് കത്ത് അയച്ചിരുന്നു. പിന്നീട് അപ്രായോഗിക സമീപനം മാറ്റിയതിൽ അഭിനന്ദനം അറിയിച്ചാണ് കേന്ദ്രം കത്ത് അയച്ചത്. മണ്ടത്തരം തിരുത്തിയതിനാണ് കേന്ദ്രം അഭിനന്ദിച്ചതെന്നും മുരളീധരൻ പരിഹസിച്ചു.
കേന്ദ്രസർക്കാർ ജൂണ് 24ന് കേരള സർക്കാരിന് അയച്ച കത്ത് പൂഴ്ത്തി. 25ന് അയച്ച കത്ത് അഭിനന്ദനം എന്ന് പറഞ്ഞാണ് പുറത്തുവിട്ടത്. കത്ത് പിആർ വർക്കിന് ഉപയോഗിക്കുന്നത് അൽപ്പത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കത്തിൽ ഔപചാരിക മര്യാദ വാചകങ്ങൾ മാത്രമാണുള്ളത്.
അപ്രായോഗിക സമീപനം മാറ്റിയതിൽ അഭിനന്ദനം ആണ് അറിയിച്ചത്. മലയാളികളെ പരിഹസിക്കുകയാണ് കേരള സർക്കാർ ചെയ്തത്. കത്തിലെ വാക്കുകളുടെ അർഥം മലയാളികൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പിആറിനെ നിയമിക്കുന്പോൾ ഇംഗ്ലീഷ് അറിയാവുന്നവരെ നിയമിക്കണം. ഇംഗ്ലീഷ് അറിയാത്തതുമൂലമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായത്. പിആറിന് ഉപയോഗിക്കുന്ന പണം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നും പിആറിലൂടെ കോവിഡ് പ്രതിരോധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ കഴിഞ്ഞ ദിവസം ഉന്നയിച്ച് ആറ് കാര്യങ്ങൾക്ക് കേരളത്തിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ടെസ്റ്റിംഗ് കൂട്ടണമെന്ന് താൻ പലവട്ടം പറഞ്ഞതാണ്.
ഇപ്പോൾ ഇത് കൂട്ടുമെന്നാണ് കേരളം പറയുന്നത്. കോവിഡ് പരിശോധനകളിൽ കേരളം നിൽക്കുന്നത് 28-ാം സ്ഥാനത്താണ്. ഒരു ലക്ഷത്തിൽ 378 പേരെയാണ് കേരളം പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ ദേശീയ ശരാശരി ഒരു ലക്ഷത്തിൽ 553 ആണെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് അവസാനത്തോടെ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്നാണ് പറയുന്നത്. ടെസ്റ്റിംഗ് കൂട്ടുന്പോൾ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുമെന്ന് അദ്ദേഹം പറഞ്ഞു. ഐസിഎംആറിന്റെയും ഡബ്ല്യുഎച്ച്ഒയുടെയും മാർഗനിർദേശങ്ങൾ പാലിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.