സ്വന്തം ലേഖകൻ
തൃശൂർ: ഒന്നര വർഷമായി നാഥനില്ലാക്കളരിയായ തൃശൂർ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിക്കു പ്രസിഡന്റിനെ മൂന്നു ദിവസത്തിനകം നിയമിക്കും. കെപിസിസിയുടെ ജംബോ ഭാരവാഹിപ്പട്ടികയും ഈ ദിവസങ്ങളിൽ പ്രഖ്യാപിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ പാർട്ടിയേയും പ്രവർത്തകരേയും ഒരുക്കാനാണ് വൈകിയ വേളയിലെങ്കിലും പുനഃസംഘടനയ്ക്കു തയാറാകുന്നത്. ഐ ഗ്രൂപ്പ് നേതാവ് എം.പി. വിൻസെന്റിനെത്തന്നെ തൃശൂർ ജില്ലാ പ്രസിഡന്റായി നിയമിക്കും.
ജില്ലയിലെ മുതിർന്ന നേതാവ് പി.എ. മാധവനെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തും. ആറുപേരെ തൃശൂരിൽനിന്നു കെപിസിസി സെക്രട്ടറിമാരാക്കും. ഇവരിൽ ഏറെപ്പേരും യുവനേതാക്കളാണ്. അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, ജോസ് വള്ളൂർ, ജോണ് ഡാനിയൽ, ടി.ജെ. സനീഷ്കുമാർ, സുനിൽ ലാലൂർ, സുനിൽ അന്തിക്കാട് എന്നിവരാണ് കെപിസിസി സെക്രട്ടറിമാരാകുന്നത്.
നിലവിൽ ഡിസിസി പ്രസിഡന്റുമാരുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻകുട്ടിയും വൈസ് പ്രസിഡന്റ് പദ്മജ വേണുഗോപാലും കെപിസിസി ചുമതലകളിലേക്കു മടങ്ങും. കെപിസിസി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദും തൃശൂർ ജില്ലക്കാരനാണ്.
കോണ്ഗ്രസ് ജില്ലാ കമ്മിറ്റി നാഥനില്ലാക്കളരിയാകുകയും നേതാക്കൾ തമ്മിൽ അടിപിടിയുണ്ടാകുകയും ചെയ്തതോടെയാണ് കെപിസിസി മാർച്ച് പകുതിയോടെ അബ്ദുറഹ്മാൻകുട്ടിയേയും പദ്മജയേയും ഇരട്ടപ്രസിഡന്റുമാരായി നിയമിച്ചത്. ഇരട്ടപ്രസിഡന്റുമാർ ഉണ്ടായിട്ടും പാർട്ടിയെ ചലനാത്മകമാക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഡിസിസിയുടെ ദൈനംദിന ചെലവുകൾ നടത്താൻപോലും സാധിക്കാത്ത അവസ്ഥയായി.
ഡിസിസി പ്രസിഡന്റായിരുന്ന ടി.എൻ. പ്രതാപൻ സ്ഥാനമൊഴിയുകയാണെന്നു 2018 ഡിസംബറിലാണ് എഐസിസിയേയും കെപിസിസിയേയും അറിയിച്ചത്. തുടരാനായിരുന്നു നിർദേശം. ലോക്സഭയിലേക്കു കഴിഞ്ഞവർഷം മേയിൽ തെരഞ്ഞെടുക്കപ്പെട്ടതോടെ വീണ്ടും രാജിക്കത്തു നൽകി. അതോടെ അനാഥാവസ്ഥയിലായി തൃശൂർ ജില്ലയിലെ കോണ്ഗ്രസ്.
എല്ലാ ഗ്രൂപ്പുകളും നേതാക്കളും കൂടിയാലോചിച്ച് ഐ ഗ്രൂപ്പു നേതാവായ എം.പി. വിൻസെന്റിനെ പ്രസിഡന്റാക്കാൻ ധാരണയായതായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ കെപിസിസി ഭാരവാഹിപ്പട്ടികയ്ക്കൊപ്പം തൃശൂർ ഡിസിസി പ്രസിഡന്റ് നിയമനവും നടത്താൻ തീരുമാനിച്ചു. എന്നാൽ കെപിസിസി ജംബോ ഭാരവാഹിപ്പട്ടിക എഐസിസി തടഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വിയോജിപ്പിലായിരുന്നു. അതോടെ തൃശൂർ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നിയമനവും ത്രിശങ്കുവിലായി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു പാർട്ടി നേതാക്കളേയും പ്രവർത്തകരേയും സജ്ജമാക്കുന്നതിനുള്ള യോഗങ്ങൾക്കു കഴിഞ്ഞദിവസം തുടക്കം കുറിച്ചിരുന്നു. കെപിസിസി നേതാക്കൾ പങ്കെടുത്ത യോഗത്തിൽ എല്ലാവരും ഉന്നയിച്ച വിഷയം ഡിസിസി പ്രസിഡന്റിനെ നിയമിക്കണമെന്നായിരുന്നു.