പത്തനംതിട്ട: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ചാര്‍ട്ടേഡ് വിമാനങ്ങള്‍ എത്തിത്തുടങ്ങിയതോടെ ജില്ലയിലേക്കെത്തുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചു. ഇതോടെ കോവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ സ്ഥലമില്ലെന്ന സ്ഥിതിയാണ്. നിലവില്‍ 136 കോവിഡ് കെയര്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍ സജീവമായിട്ടുള്ളത്.
ഇവിടങ്ങളില്‍ 1,240 പേരാണ് താമസിക്കുന്നത്. പുതുതായി കോവിഡ് കെയര്‍ കേന്ദ്രങ്ങള്‍ തുടങ്ങാനാകില്ലെന്ന് തദ്ദേശസ്ഥാപനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള കോവിഡ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പോലും താളം തെറ്റിയിരിക്കുകയാണ്.
വോളണ്ടിയര്‍മാരുടെ സേവനം മിക്കയിടങ്ങളിലുമില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായി അധ്യാപകരെ നിയമിച്ചിട്ടുണ്ട്. ശുചീകരണത്തിനും മറ്റുമായി ആളെ കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. ഭക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളിലും പലയിടത്തും ക്രമീകരണങ്ങള്‍ പാളുകയാണ്.
പരമാവധി ആളുകളെ വീടുകളിലേക്ക് നിരീക്ഷണത്തില്‍ അയയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലരും ഇതിനോടു വിമുഖത കാട്ടുന്നുണ്ട്. വീടുകളിലെ സൗകര്യക്കുറവും പ്രായമുള്ളവരും രോഗികളുമൊക്കെ വീടുകളിലുള്ളതും ഇതിനു കാരണമാകുന്നുണ്ട്.
പെയ്ഡ് കോവിഡ് കെയര്‍ കേന്ദ്രങ്ങളിലായാലും കുഴപ്പമില്ലെന്ന നിലപാടിലാണ് ഏറെപ്പേരും. ഇന്നലെ മാത്രം 305 പ്രവാസികളാണ് ജില്ലയില്‍ മടങ്ങിയെത്തി നിരീക്ഷണത്തിലായത്. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇന്നലെ വരെ 5,648 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു തിരിച്ചെത്തിയ 3,117 പേരും വിദേശത്തുനിന്നു തിരിച്ചെത്തിയ 2,097 പേരും ഉള്‍പ്പെടുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്നലെ തിരിച്ചെത്തി നിരീക്ഷണത്തിലായവര്‍ 193 പേരാണ്. ജില്ലയില്‍ വിവിധ പോസിറ്റീവ് കേസുകളിലെ സമ്പര്‍ക്കത്തില്‍ 434 ആളുകള്‍ നിരീക്ഷണത്തിലാണ്.