തൃശൂർ: കോർപറേഷൻ ഭരണത്തിന്റെ അവസാന നാളുകളിലേക്ക് എല്ലാ പണികളും മാറ്റിവച്ച് ഉദ്ഘാടനങ്ങൾ നടത്തി അഭിമാനത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഭരണകക്ഷിയുടെ നീക്കം കോവിഡ് തോൽപ്പിച്ചു.
കഴിഞ്ഞ കോണ്‍ഗ്രസ് ഭരണസമിതിയുടെ കാലത്ത് തുടങ്ങിയ പട്ടാളം റോഡ് വികസനവും ദിവാൻജി മൂല പാലവും റോഡുമൊക്കെ മനപ്പൂർവം അവസാന കാലഘട്ടത്തിലേക്ക് നീട്ടിവച്ച് എല്ലാം പൂർത്തിയാക്കി ക്രെഡിറ്റ് മുഴുവൻ ഇപ്പോഴത്തെ ഭരണ സമിതിയെടുക്കാനുള്ള നീക്കത്തിനാണ് കോവിഡിന്റെ രൂപത്തിൽ തിരിച്ചടിയായിരിക്കുന്നത്.
കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ടുവന്ന് ഉദ്ഘാടന മാമാങ്കങ്ങൾ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇനിയൊന്നും ഉദ്ദേശിച്ച പോലെ നടക്കില്ലെന്ന നിരാശയിലാണ് ഭരണകക്ഷിയംഗങ്ങൾ. ]
അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ വച്ചു തന്നെയാണ് കാര്യങ്ങൾ നീക്കുന്നതെന്ന് ഒരു കൗണ്‍സിൽ യോഗത്തിൽ മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.
രാജൻ പല്ലൻ മേയറായിരുന്ന കാലത്താണ് ദിവാൻജിമൂല റെയിൽവേ മേൽപാലത്തിന് പണം കെട്ടിവച്ച് നിർമാണം തുടങ്ങിയത്. എന്നാൽ ഇതിനെതിരെ നിലവിലുള്ള ഭരണ സമിതി അന്നു രാജൻ പല്ലൻ ചെയ്തത് തെറ്റായെന്നും നടപടിയെടുക്കണമെന്നുവരെ ആവശ്യപ്പെട്ട് കൗണ്‍സിലിൽ അജണ്ട കൊണ്ടുവന്നിരുന്നു.
വൈദ്യുതി വകുപ്പിൽ നിന്ന് കോടികൾ കടമെടുത്ത് കൊടുത്തത് അനുമതിയില്ലാതെയായിരുന്നുവെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ നാലു വർഷമായി പാലം വന്നിട്ടും ഇവിടെ റോഡ് പണിയാതെ ഇട്ടിരിക്കയായിരുന്നു. ഭരണ കാലാവധി തീരുന്നതോടെ റോഡ് പണികൾ പൂർത്തിയാക്കാനുള്ള നീക്കമാണ് നടത്തിയത്.
അതിനിടെ പല തവണ കഴിഞ്ഞ ഭരണസമിതിക്കെതിരെ ദിവാൻജിമൂല മേൽപാല നിർമാണത്തിനെതിരെ ആരോപണങ്ങൾ ഉയർത്തുകയും ചെയ്തു. ഒടുവിൽ റോഡ് നിർമാണം ഏതാണ്ട് പൂർത്തിയായതോടെ ദിവാൻജിമൂല മേൽപാലമടക്കം കോർപറേഷന്റെ അഭിമാനമാണെന്നാണ് ഇപ്പോൾ പ്രസ്താവനയിറക്കിയിരിക്കുന്നത്.
ഏറെ ഗതാഗതകുരുക്കുള്ള പൂത്തോൾ, ദിവാൻജി മൂല ഭാഗത്ത് പാലം വന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ റോഡ് പണിയാമായിരുന്നുവെങ്കിലും മനപ്പൂർവം വൈകിപ്പിച്ച് ജനങ്ങളെ കഷ്ടത്തിലാക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.
ഒടുവിൽ തങ്ങളാണ് എല്ലാം കൊണ്ടുവന്നതെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിൽ ജനങ്ങളുടെ കഷ്ടപ്പാടിന് വലിയ വില കൽപ്പിക്കേണ്ടെന്നാണ് ഭരണസമിതിയെ നയിക്കുന്ന മുൻ ഡെപ്യൂട്ടി മേയറുടെ നിലപാട്.
പട്ടാളം റോഡ് വികസനും കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് നടപടികൾ ആരംഭിച്ചത്. വികസനം അവസാന ഘട്ടത്തിലെത്തിയിരുന്നെങ്കിലും ഇപ്പോഴത്തെ ഭരണ സമിതി ഇതും അവസാന കാലത്തേക്ക് വച്ചു. ഇപ്പോൾ പോസ്റ്റോഫീസ് പൊളിച്ചു മാറ്റി റോഡ് വികസനം അവസാന ഘട്ടത്തിലാണ്.
എല്ലാ വികസനങ്ങളുടെയും ഉദ്ഘാടനങ്ങൾ ഗംഭീരമാക്കി നടത്താനുള്ള നീക്കത്തിനാണ് ഇപ്പോൾ കോവിഡ് തിരിച്ചടിയായി മാറിയിരിക്കുന്നത്. കുറച്ച് വൈകിയാലും കോവിഡിന്റെ ഭീതി മാറുമെന്ന പ്രതീക്ഷയാണ് ഭരണകക്ഷിക്കുള്ളത്. പൊളിച്ചിട്ട റോഡുകളും ടാർ ചെയ്ത് ഭംഗിയാക്കാനുള്ള നീക്കം മഴ കൊണ്ടുപോയ സ്ഥിതിയാണിപ്പോൾ.