ചേര്‍ത്തല: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് എസ് എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പോലീസ് കേസെടുക്കും.
ആത്മഹത്യ പ്രേരണാകുറ്റത്തിനായിരിക്കും കേസെടുക്കുക. മരിക്കുന്നതിനുമുമ്പ് കാരണം വ്യക്തമായി എഴുതിവച്ചിട്ടായിരുന്നു മഹേശന് ആത്മഹത്യ ചെയ്തത്.
32 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ വെള്ളാപ്പള്ളി നടേശന്റെയും കുടുംബത്തിന്റെയും നിയമവിരുദ്ധമായ പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു.
ഇതോടൊപ്പം വെള്ളാപ്പള്ളി നടേശന്റെ കൂടെയുള്ള ചില വ്യക്തികളും തന്റെ മരണത്തിന് ഉത്തരവാദികളാണെന്നും കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇവരേയും പ്രതികളാക്കുമെന്നാണ് പോലീസ് നല്കുന്ന സൂചന.
അതേസമയം കേസില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള നീക്കങ്ങൾ വെള്ളാപ്പള്ളി നടേശന്റെ ക്യാമ്പില്‍ ആരംഭിച്ചിട്ടുള്ളതായാണ് സൂചന. എന്നാല്‍ ഇവര്‍ക്ക് വിലങ്ങു തടിയായി മാറുന്നത് മരിക്കുന്നതിനുമുമ്പ് കെ.കെ. മഹേശന് വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങളാണ്.
ഇതില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ അന്വേഷിക്കാതിരിക്കാൻ പോലീസിന് തരമുണ്ടാവില്ല. അതിനാൽ വെള്ളാപ്പള്ളിയുടെ ഭരണതലത്തിലുള്ള ബന്ധം ഉപയോഗപ്പെടുത്തി കേസ് തല്കാലം മരവിപ്പിച്ചു നിർത്താനുള്ള നീക്കമാണ് നടക്കുന്നത്.
എന്നാല്‍ മഹേശന്റെ മരണം കൊലപാതകത്തിനു തുല്യമാണെന്നും കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് മഹേശന്റെ ബന്ധുക്കളുടെ നിലപാട്. വെള്ളാപ്പള്ളി നടേശന്റെ ഭരണതലത്തിലുള്ള സ്വാധീനം നിമിത്തം കേസ് അട്ടിമറിക്കാനുള്ള സാധ്യതയും ഇവര്‍ കാണുന്നു.
അതുകൊണ്ട് തന്നെ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍. മാരാരിക്കുളം പോലീസ് ഇന്നു ബന്ധുക്കളുടെ മൊഴിയെടുക്കും. നിലവിൽ അസ്വാഭാവിക മരണത്തിനു മാത്രമാണ് മാരാരിക്കുളം പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഈ കേസിന്റെ നടപടികൾ പൂർത്തിയാക്കാനാണ് വീട്ടുകാരുടെ മൊഴി ഇന്ന് എടുക്കുന്നത്. അവർക്കു പറയാനുള്ളത് കൂടി രേഖപ്പെടുത്തി പരിശോധിക്കുമെന്നും ആ രീതിയിലുള്ള അന്വേഷണവും നടക്കുമെന്നും ചേർത്തല ഡിവൈഎസ്പി കെ. സുഭാഷ് പറഞ്ഞു. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പോലീസ് ഇന്നലെതന്നെ പൂർത്തിയാക്കി.