തെന്മല : ഒരാഴ്ച തെന്മല ഗ്രാമത്തെ ഭീതിയിലാഴ്ത്തിയ ചെന്നായ ഒടുവില്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ ചത്തു. ഒരാഴ്ചക്കിടെ അഞ്ചുപേരെയാണ് ചെന്നായ കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച രാത്രിയിലും ജനവാസ മേഖലയില്‍ എത്തിയ ചെന്നായ രണ്ടുപേരെ ആക്രമിച്ചു.
ഇതോടെ തടിച്ച് കൂടിയ ജനം വനപാലകരെ വിവരം അറിയിച്ചു. തെന്മല റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ എത്തിയ വനപാലക സംഘം അക്രമകാരിയായ ചെന്നായെ വെടിവച്ച് വീഴ്ത്താന്‍ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി.
എന്നാല്‍ കാട്ടിനുള്ളില്‍ വച്ച് മുള്ളന്‍പന്നിയുടെ ആക്രമണത്തിനിരയായ ചെന്നായ പിന്നീട് ചത്തു. വനം വകുപ്പ് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചെന്നായയെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം വനത്തില്‍ കുഴിച്ചിടുകയായിരുന്നു.
ചെന്നായയുടെ മുഖത്തും ശരീരത്തും നാല് മുള്ളുകള്‍ തറച്ചു കയറിയിരുന്നുവെന്നും മുള്ള് തറച്ചതാണ് ചെന്നായ ചാകാന്‍ കാരണമായതെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
അതേസമയം തന്നെ ഗ്രാമത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ചെന്നായ ചത്ത ആശ്വാസത്തിലാണ് നാട്ടുകാര്‍. പലതവണ ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യരെ ആക്രമിച്ച ചെന്നായയെ പിടികൂടാന്‍ കൂടും കെണിയും ഒരുക്കി വനപാലകര്‍ ശ്രമിച്ചുവെങ്കിലും നടന്നിരുന്നില്ല.
ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് ചെന്നായ മുള്ളന്‍പന്നിയുടെ അക്രമത്തില്‍ ചാകുന്നത്.