
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍. പ്രതികള്‍ക്ക് തങ്ങളെ പരിചയപ്പെടുത്തിയത് മീര എന്ന് പേരുള്ള സ്ത്രീ ആണെന്ന് പെൺകുട്ടികൾ പോലീസിൽ നൽകിയ പരാതിയില്‍ പറയുന്നു.
ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസിപ്പോൾ. ഷംനയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമെ നോര്‍ത്ത് സ്റ്റേഷനില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആലപ്പുഴ സ്വദേശിയായ മോഡലും കടവന്ത്ര സ്വദേശിയായ നടിയുമാണു പരാതി നല്‍കിയത്. പ്രതികളുടെ ചിത്രം കണ്ടാണ് ഇരുവരും പരാതി നല്‍കിയത്. ഇവരില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് പരാതി.
പാലക്കാട്ടെ അജ്ഞാതകേന്ദ്രത്തില്‍ താനുള്‍പ്പെടെ എട്ട് യുവതികളെ ഭക്ഷണവും വെള്ളവും പോലും തരാതെ ദിവസങ്ങളോളം പൂട്ടിയിട്ടതായി ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. സമാനമായ മൂന്നു പരാതിയിലും പോലീസ് കേസെടുത്തു.
പ്രതികള്‍ സ്വര്‍ണമാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികള്‍ പരാതിപ്പെട്ടിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ഒരു പെണ്‍കുട്ടിയുടെ പരാതിയുണ്ട്.
മുന്‍നിരയില്‍ സജീവമല്ലാത്ത സിനിമ, സീരിയല്‍ നടിമാരെയും മോഡലിംഗ്, ഇവന്റ് മാനേജ്മെന്റ് രംഗത്തുള്ളവരെയുമാണ് സംഘം ലക്ഷ്യമിട്ടത്. സിനിമ, സീരിയല്‍ അഭിനയവും ജോലിയും ഉള്‍പ്പെടെ വാഗ്ദാനം നല്‍കിയായിരുന്നു ചൂഷണം.
പണം തട്ടാന്‍ ലൈംഗികചൂഷണവും ബ്ലാക്ക്മെയിലിംഗും ഭീഷണിയുമൊക്കെ ഇവര്‍ തരംപോലെ പ്രയോഗിച്ചു.പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് മാഫിയയുമായും ബന്ധമുള്ളതായി പരാതിയുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.