കോഴിക്കോട് : സംസ്ഥാനത്തെ നിരത്തുകള്‍ ഇനി മോട്ടോര്‍ വാഹന വകുപ്പിന്റെ കൈകളില്‍ സുരക്ഷിതം. റോഡപകടങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാൾ കുറഞ്ഞതായാണ് മോട്ടോര്‍വാഹന വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മോട്ടോര്‍ വാഹനവകുപ്പും റോഡുസുരക്ഷാ അഥോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന സേഫ് കേരള പദ്ധതിയിലൂടെയാണ് അപകടങ്ങള്‍ കുറയ്ക്കാനായത്.
10 വര്‍ഷമായി മണ്ഡലകാലത്ത് നടപ്പാക്കിയ ശബരിമല സേഫ് സോണ്‍ പദ്ധതി വിജയകരമായതിനെ തുടര്‍ന്നാണ് സേഫ് കേരള പദ്ധതി എന്ന പേരില്‍ നടപ്പാക്കിയത്. പദ്ധതി വന്‍ വിജയമാണെന്ന് മോട്ടോര്‍വാഹനവകുപ്പ് വ്യക്തമാക്കി.
റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും കുറയ്ക്കാന്‍ ലക്ഷ്യമിട്ട പദ്ധതി മുന്‍വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് സമ്മാനിച്ചത്. മരണനിരക്ക് കുറയ്ക്കാനായതാണ് പദ്ധതി ഏറ്റവും വലിയ വിജയം.
സുപ്രീംകോടതി നിയോഗിച്ച റോഡുസുരക്ഷ കര്‍മ്മ സമിതി നല്കിയ 10 ശതമാനമെന്ന ലക്ഷ്യപ്രാപ്തിയുടെ ഏകദേശം ഇരട്ടിയോളം, അതായത് 17 ശതമാനത്തോളം അപകടമരണനിരക്ക്, പദ്ധതി പ്രഖ്യാപിച്ച് നടപ്പിലാക്കി ആദ്യമാസങ്ങളില്‍ തന്നെ കുറയ്ക്കാന്‍ സാധിച്ചു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 319 വിലപ്പെട്ട ജീവനുകളാണ് ഇത്തവണ രക്ഷിച്ചത്. ഇവരെ ആശ്രയിക്കുന്ന 319 കുടുംബങ്ങളെയാണ് പദ്ധതിയിലൂടെ കാത്തുരക്ഷിച്ചത്. ഇത്രയും വാഹന ബാഹുല്യവും സ്ഥലപരിമിതിയും ഉള്ള ഒരു സംസ്ഥാനത്ത് ഇപ്പോഴുള്ള നേട്ടം ശ്രദ്ദേയമാണ്.
എന്‍ഫോഴ്സ്മെന്റിന് വേണ്ടുന്ന അനുബന്ധ സംവിധാനങ്ങളും വാഹന സൗകര്യങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങളും പൂര്‍ത്തിയായി വരുന്നതേയുള്ളു.
അവ പൂര്‍ണമായും നിലവില്‍ വരുമ്പോള്‍ റോഡുകള്‍ കൂടുതല്‍ സുരക്ഷിതവും അപകട സാധ്യത ഏറ്റവും കുറഞ്ഞതും മരണമുക്തവുമാകും. അപകടങ്ങള്‍ കുറച്ചതു വഴി രാജ്യത്തിന്റെ സാമ്പത്തികരംഗത്തും മനുഷ്യശേഷിയിലും സംഭവിക്കാമായിരുന്ന കനത്ത നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു.
കേന്ദ്ര മോട്ടോര്‍ വാഹനനിയമം, റോഡ് സുരക്ഷയ്ക്ക് പ്രാമുഖ്യം നല്കി കാലോചിതമായി പരിഷ്കരിച്ചത് ഫലപ്രദമായി നടപ്പിലാക്കാനും അതിന്റെ ഗുണഫലങ്ങള്‍ സംസ്ഥാനത്തിന് ഇത്രവേഗം പ്രാപ്യമാക്കാനും സാധിച്ചത്, സേഫ് കേരളാ എന്ന സംവിധാനം നടപ്പിലാക്കിയതിനാലാണ്.