കളമശേരി: വിവാദനായകൻ സക്കീർ ഹുസൈനെതിരെ സിപിഎം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും നടപടിയെടുക്കാൻ തയാറായത് ഏരിയ കമ്മിറ്റിയിലെ പിളർപ്പ് ഒഴിവാക്കാൻ. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങളും വാർത്തകളും വരുന്നതും പാർട്ടിയുടെ സംഘടനാ പ്രവർത്തനം മന്ദീഭവിച്ചതുമാണ് വിമതവിഭാഗത്തിന് വഴങ്ങാൻ പാർട്ടി നേതൃത്വം തയാറായത്.
രണ്ടാമത്തെ തവണയാണ് ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീർ ഹുസൈനെ മാറ്റി നിർത്തി സിപിഎം നടപടിയെടുക്കുന്നത്. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ജയിലിൽ പോയതിനെ തുടർന്നാണ് സ്ഥാനത്ത് നിന്ന് ആദ്യം നീക്കിയത്. ആഭ്യന്തര മന്ത്രി പിണറായി തന്നെയായതിനാൽ പാർട്ടിക്ക് ഏറെയിത് ക്ഷീണം വരുത്തി.
2016 ഒക്ടോബറിലാണ് ആദ്യ വിവാദ സംഭവം പുറത്ത് വന്നത്. സക്കീര്‍ ഒളിവിലിരുന്ന് നൽകിയ മുൻകൂർ ജാമ്യഹർജി നവംബർ 5ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും 14ന് ഹൈക്കോടതിയും തള്ളി. പാർട്ടി സമ്മർദം കാരണം സക്കീർ ഹുസൈൻ കൊച്ചിയിൽ കീഴടങ്ങുയായിരുന്നു.
കളമശേരി പോലീസ് ഗുണ്ടാ പട്ടികയിൽ സക്കീർ ഹുസൈൻ ഇടം പിടിച്ചതും വിനയായി. പിന്നീട് എളമരം കരീമിന്റെ നേതൃത്വത്തിൽ അന്വേഷണകമ്മീഷനെ നിയോഗിച്ച് സക്കീർ ഹുസൈൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ഏരിയ സെക്രട്ടറി സ്ഥാനം തിരികെ കൊടുക്കുകയാണ് ചെയ്തത്.
ഭൂരിപക്ഷം വരുന്ന പാർട്ടി പ്രവർത്തകരുടെ വികാരത്തെ മറികടന്നാണ് ആ തീരുമാനം എടുത്തത്. സമാനമായ നിരവധി കേസുകൾ പൊങ്ങിവന്നെങ്കിലും രാഷ്ട്രീയ മെയ് വഴക്കത്തോടെ ജയിൽ വാസം കഴിഞ്ഞെത്തിയ സക്കീർ അതിനെയെല്ലാം അതിജീവിച്ചു.
ലോക്ക്ഡൗൺ കാലത്തും സക്കീർ വാർത്തകളിൽ നിറഞ്ഞു നിന്നു. ലോക്ക്ഡൗൺ ലംഘനം നടത്തി. പക്ഷെ പ്രളയഫണ്ട് തട്ടിപ്പ് പ്രതി ആത്മഹത്യാ കുറിപ്പിൽ പേര് എഴുതി വച്ചത് പാർട്ടിയെ പ്രതിസന്ധിയുടെ നടുക്കടലിലാക്കി.
ഈ വിഷയത്തിൽ പാർട്ടി ഒരു നടപടിയെടുത്താൽ തട്ടിപ്പ് നടന്നത് പാർട്ടിയുടെ അറിവോടെയാകുമെന്ന ധാരണ ഇല്ലാതിരിക്കാനാണ് അനധികൃത സ്വത്ത് എന്ന പഴയ പരാതിയിൽ നടപടി പ്രഖ്യാപിച്ചതെന്നാണ് സൂചന.
പി. രാജീവ് മാറി പുതിയ ജില്ലാ സെക്രട്ടറി വന്നപ്പോൾ തന്നെ സക്കീർ ഹുസൈന്റെ അനധികൃത സ്വത്തുക്കൾക്കെതിരെ കളമശേരി ലോക്കൽ വെസ്റ്റ് കമ്മിറ്റിയംഗമായ ശിവൻ പരാതി തെളിവ് സഹിതം നൽകിയതാണ്. എന്നാൽ കണ്ണൂർ ലോബിയുടെ പിന്തുണയുള്ള സക്കീറിനെതിരെ നീക്കം നടത്താൻ ജില്ലാ സെക്രട്ടറിയും മടിച്ചുനിന്നു.
പ്രളയ ത്തട്ടിപ്പ് വിവാദമായതോടെ പാർട്ടിയ്ക്ക് തലവേദനയായ സക്കീറിനെ കുറച്ചു നാളുകളിലേക്കെങ്കിലും മാറ്റി നിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ നേതൃത്വം. ഇത് താത്ക്കാലിക നടപടി മാത്രമാണെന്നും തദ്ദേശ തിരഞ്ഞടുപ്പ് നടപടികൾ ആരംഭിക്കുന്നതിന് മുൻപ് പൂർവാധികം ശക്തമായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് സക്കീർ വിഭാഗം.
ഔദ്യോഗിക ഗ്രൂപ്പിന്റെ ഫണ്ട് കണ്ടെത്തുന്ന ആളായതിനാൽ പാർട്ടിയുടെ ശക്തമായ പിന്തുണ അതിന് തുണയാകുമെന്നാണ് സക്കീർ ക്യാമ്പ് ഉറച്ച് വിശ്വസിക്കുന്നത്. അതു വരെ ഏരിയ കമ്മിറ്റി നേതൃത്വം ജോൺ ഫെർണാണ്ടസിനെ പ്പോലെ ഏതെങ്കിലും ജില്ലാ നേതാവിനെ ഏൽപ്പിക്കുമെന്നാണ് സക്കീർ ക്യാമ്പ് കരുതുന്നത്.
അല്ലെങ്കിൽ കളമശേരി നഗരസഭ കൗൺസിലർ കൂടിയായ ജില്ലാ കമ്മിറ്റിയംഗം സി കെ പരീതിനെ പരിഗണിക്കണം. ജില്ലാ കമ്മിറ്റിയിൽ സക്കീറിന് വേണ്ടി വാദിച്ച മൂന്ന് പേരിൽ ഒരാളാണ് പരീത്. എതിർ ചേരിയിൽപ്പെബ് റഹ്മാൻ, മുൻ എംഎൽ എ. എം.യൂസഫ് എന്നിവർക്ക് സെക്രട്ടറി സ്ഥാനം കിട്ടിയാൽ സക്കീറിനത് വെല്ലുവിളിയാകും.