ഇരിട്ടി: പായം പഞ്ചായത്തിലെ അളപ്രയില്‍ മരിച്ചയാളുടെ ക്ഷേമപെന്ഷന് മഹിളാ അസോസിയേഷ ജില്ലാ കമ്മിറ്റിയംഗമായ ബാങ്ക് കളക്ഷന്‍ ഏജന്റ് ഒപ്പിട്ടു വാങ്ങിയതായി പരാതി ഉണ്ടായതിനെ തുടര്‍ന്ന് പോലീസും സിപിഎമ്മും അന്വേഷണം തുടങ്ങി.
പായം അളപ്രയയില് കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് മരണമടഞ്ഞ തോട്ടത്താന്‍ കൗസു നാരായണന്റെ അഞ്ചു മാസത്തെ വാര്‍ധക്യകാല പെന്‍ഷനാണ് കുടുംബം അറിയാതെ ഏപ്രില്‍ മാസം ഒപ്പിട്ടു വാങ്ങിയതെന്ന് കൗസുവിന്റെ മകള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ആരോപണ വിധേയയായ കളക്ഷന്‍ ഏജന്റ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ജില്ലയിലെ ഒരു മന്ത്രിയുടെ അടുത്ത ബന്ധുവുമാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസനും അരോപിച്ചു.
ആരോപണം ഉന്നയിച്ച കുടുംബാംഗങ്ങള്‍ ഇന്ന് രാവിലെ ഇരിട്ടി പോലീസില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് പരാതി നല്കി. എന്നാല്‍ മരിച്ചയാളുടെ പെന്ഷന് തട്ടിയെടുത്തുവെന്ന ആരോപണം ശരിയാണെങ്കില്‍ ഉടന്‍ തന്നെ പാര്‍ട്ടി മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യന് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
ബാങ്ക് രേഖകളില്‍ പെന്ഷന് വാങ്ങിയതിന്റെ തെളിവും കൗസുവിന്റെ മകള്‍ ടി .അജിതയും മരുമകന് കെ.ബാബൂവും പത്ര സമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു. മാര്‍ച്ച് ഒന്‍പതിന് മരിച്ച കൗസുവിന്റെ മരണപത്രം മാര്‍ച്ച് 20ന് തന്നെ പഞ്ചായത്തില്‍ ഹാജരാക്കിയിരുന്നു.
ഏപ്രില്‍ ആദ്യവാരം പ്രദേശത്തെ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ വച്ചാണ് പെന്ഷന് വിതരണം ചെയ്തത്. പ്രദേശത്തെ വാര്‍ഡ് അംഗത്തോട് ചോദിച്ചപ്പോള്‍ മരിച്ചതിനാല്‍ പെന്ഷന് ഇല്ലെന്ന് പറഞ്ഞതായി മകള്‍ അജിത പറഞ്ഞു. പിന്നീടാണ് അമ്മയുടെ പേരിലുള്ള അഞ്ചു മാസത്തെ പെന്‍ഷനായ 6,100 രൂപ വാങ്ങിയതായി കണ്ടെത്തിയത്.
സിപിഎം ഭരിക്കുന്ന ഇരിട്ടി റൂറല്‍ ബാങ്ക് വഴിയാണ് പെന്ഷന് കിട്ടിക്കൊണ്ടിരുന്നത്. വാര്‍ധക്യകാല അസുഖം മൂലം അമ്മയുടെ പെന്ഷന് തുക വീട്ടിലെത്തിച്ച് ഒപ്പിടുവിക്കുകയായിരുന്നു. മരിച്ചയാള്‍ക്ക് പെന്ഷന് കിട്ടില്ലെന്ന് വാര്‍ഡ് അംഗം പറഞ്ഞതിനാല്‍ കൂടുതല്‍ ഒന്നും അന്വേഷിച്ചല്ല.
പെന്ഷന് വിതരണ കേന്ദ്രത്തില്‍ വച്ച് അര്‍ഹതപ്പെട്ടവരുടെ പേര് വായിക്കുന്നവരുടെ കൂട്ടത്തില്‍ അമ്മയുടെ പേരും ഉണ്ടായിരുന്നതായി പിന്നീട ചിലര്‍ പറഞ്ഞപ്പോഴാണ് സംശയം തോന്നിയതെന്ന് അജിത പത്ര സമ്മേളനത്തില്‍ പറഞ്ഞു. പ്രദേശത്ത് ഒരു വര്‍ഷം മുന്‍പ് മരിച്ചയാളുടെ പെന്‍ഷനും ഇങ്ങനെ വാങ്ങിയതായി സംശയിക്കുന്നതായി കുടുംബം ആരോപിച്ചു.
പ്രശ്നം വിവാദമായപ്പോള്‍ ചില പ്രമുഖര്‍ വിളിച്ച് പ്രശ്നം ഉണ്ടാക്കരുതെന്നും ഓര്‍മയില്ലാഞ്ഞതിനാല്‍ അമ്മയുടെ പെന്ഷന് ഒപ്പിട്ടു വാങ്ങിയതായി പറയണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി അജിത ആരോപിച്ചു.
കൗസു നാരായണന്റെ പെന്ഷന് വിതരണം ചെയ്തതായി ബാങ്ക് രേഖകളില്‍ ഉണ്ടെന്ന് ഇരിട്ടി റൂറല്‍ ബാങ്ക് സെക്രട്ടറി സി.ടി.സുജാത പറഞ്ഞു. പെന്ഷന് വിതരണത്തിനായി ചുമതലപ്പെടുത്തിയ ബാങ്ക് കളക്ഷന്‍ ഏജന്റ് കുടുംബം പെന്ഷന് ഒപ്പിട്ടുവാങ്ങിയതായാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിനെ തുടര്‍ന്ന് പെന്ഷന് വാങ്ങിയവരുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതായും അവര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് പരാതി ലഭിച്ചപ്പോഴാണ് ബാങ്ക് കാര്യം അറിയുന്നതെന്നും സെക്രട്ടറി പറഞ്ഞു.