സ്വന്തം ലേഖകൻ
മുളംകുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ ഡോക്ടർമാരെയും ജീവനക്കാരെയും സഹായിക്കാനായി വിദ്യാർഥികൾ രൂപം നൽകിയ റോബോട്ട് എത്തി.
ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥികളായ എട്ടുപേർ ചേർന്നാണ് റോബോട്ട് വികസിപ്പിച്ച് മെഡിക്കൽ കോളജിന് നൽകിയത്.
നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് ഡോക്ടർമാരെയും നേഴ്സുമാരെയും സഹായിക്കുന്ന തരത്തിലാണ് റോബോട്ട് പ്രവർത്തിക്കുക. രോഗികളുടെ അടുത്ത് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനും മറ്റും റോബോട്ട് സഹായകമാകും.
അവസാനവർഷ പ്രോജക്ടായി കരുതിവെച്ച റോബോട്ട് കോവിഡ് പശ്ചാത്തലത്തിൽ നേരത്തേ നിർമിക്കുകയായിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസും ലെയ്സണ്‍ ഓഫീസർ .സി. രവീന്ദ്രനും ചേർന്ന് റോബോട്ടിനെ ഏറ്റുവാങ്ങി.