സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: കോവിഡ് രോഗം മാറിയ പ്രവാസി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നന്ദി പറയാൻ ടിവിയുമായി എത്തി.
ഗുരുവായൂർ കോട്ടപ്പടി ഇരിങ്ങപ്പുറം സ്വദേശി കെ.പി.നിസാമുദ്ദീനാണ് (54) തന്നെ 14 ദിവസം ചികിത്സിച്ച് അസുഖം ഭേദമാക്കിയ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരേയും നേഴ്സുമാരേയും മറ്റു ജീവനക്കാരേയും കണ്ട് നന്ദി പറയാനെത്തിയത്.
ഒപ്പം കോവിഡ് വാർഡിൽ കഴിയുന്നവരുടെ മാനസികോല്ലാസത്തിന് തന്റെ സ്നേഹോപഹാരമായി ടിവിയും സമ്മാനിച്ചു. ഖത്തറിലും ബഹ്റനിലും നാട്ടിലും ട്രാവൽ ഏജൻസിയും ഹോട്ടൽ ബിസിനസുമുള്ള നിസാമുദ്ദീൻ ഖത്തറിൽ നിന്നെത്തിയപ്പോഴാണ് കോവിഡ് ബാധിതനായത്.
മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ.എം.എ.ആൻഡ്രൂസ്, സൂപ്രണ്ട് ഡോ.ഗിരികൃഷ്ണൻ, ഡോ.സി.രവീന്ദ്രൻ, ഡോ.പി.വി.സന്തോഷ്, ഹെഡ് നേഴ്സ് ശ്രീകല, നേഴ്സിംഗ് സൂപ്രണ്ട് ലിസി വർഗീസ്, നേഴ്സുമാരായ ജ്യോതി ലക്ഷ്മി, ഹൈമാവതി, ജീവനക്കാരനായ കെ.എൻ.നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.