പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകളും, വീഡിയോകളും കൈയില്‍ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും യുവാക്കള്‍ അറസ്റ്റില്‍. “ഓപ്പറേഷന്‍പി-ഹണ്ട്’ എന്നപേരില്‍ സംസ്ഥാനം മുഴുവന്‍ നടന്ന റെയ്ഡിന്റെ ഭാഗമായി ജില്ലയില്‍ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് രണ്ടു പേര് പിടിയിലായത്.
കോന്നി ഇളകൊള്ളൂര്‍ ഐടിസിക്കു സമീപം നാരകത്തിന്മൂട്ടില് തെക്കേതില്‍ ടിനു തോമസ് (32), ഇടുക്കി കാമാക്ഷിയില് താമസിച്ചു വരുന്ന പുളിക്കീഴ് സ്വദേശി വിജിത്ത് ജൂണ്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു ഇവര്‍.
ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നിര്‍ദേശാനുസരണം ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്. ജോസിന്റെയും സൈബര്‍സെല്ലിന്റെയും സഹായത്തോടെ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. രാജേഷാണ് ടിനു തോമസിനെ അറസ്റ്റു ചെയ്തത്.
ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞു വിദേശത്തുപോയ ഇയാള്‍ ലോക്ക്ഡൗണ്‍ കാരണം തിരികെപോകാന്‍ കഴിയാതെ നാട്ടില്‍ തങ്ങുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും നിരന്തരമായി കാണുകയും പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ അഡ്മിനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് പ്രചരിപ്പിച്ചത്.
ഇത്തരം വിഡിയോകളും ഫോട്ടോകളും അടങ്ങിയ ഒരു മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. കൂടുതല്‍ ആളുകള്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇത്തരം വീഡിയോകളും മറ്റും കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും, നിരന്തരം ഇവ കാണുന്നവര്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.ഇത്തരം ആളുകള്‍ ഇന്റര്‍പോളിന്റെയും പോലീസ് ഹൈടെക് സെല്ലിന്റെയും സൈബര്‍ഡോമിന്റെയും നിരീക്ഷണത്തിലായിരിക്കും.
സമൂഹത്തില്‍ ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം ദുഷ്പ്രവണതകള്‍ അത്യന്തം അപകടകരവും തടയപ്പെടേണ്ടതുമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേകം ഡ്രൈവുകള്‍ നടത്താറുണ്ട്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
ഇടുക്കി കാമാക്ഷി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായ വിജിത് ജൂണിനെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കുറിച്ചുള്ള വിവരം ഇടുക്കി തങ്കമണി പോലീസിലും ഇടുക്കി സൈബര്‍ സെല്ലിലും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയും ഇയാളില്‍ നിന്നും ഒരു ലാപ്ടോപ്, അഞ്ച് ഹാര്‍ഡ് ഡിസ്ക്, നാലു മൊബൈല്‍ ഫോണുകള്‍, എട്ട് പെന്‍ഡ്രൈവുകള്‍, രണ്ടു മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
റെയ്ഡുകളില് ഷാഡോ പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ ആര്.എസ്. രെഞ്ചു, രാധാകൃഷ്ണന്, എഎസ്ഐമാരായ ഹരികുമാര്‍, വില്‍സണ്‍, സിപിഒ ശ്രീരാജ് എന്നിവരെ കൂടാതെ സൈബര്‍സെല്‍ ടീം അംഗങ്ങളായ എഎസ്ഐ ജി. സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി. ആര്. ശ്രീകുമാര്‍, ആര്.ആര്. രാജേഷ് എന്നിവരുമുണ്ടായിരുന്നു. ഇതുസംബന്ധമായ റെയ്ഡുകള്‍ തുടരുമെന്ന് ജില്ലാപോലീസ് മേധാവി പറഞ്ഞു.