തിരുവനന്തപുരം: നഗരത്തിലെ സ്ഥാപന ഉടമയുടെ സഹായിയെ കബളിപ്പിച്ച് ഒടിപി നമ്പർ സംഘടിപ്പിച്ച് അയാളുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തു.
പരാതി ലഭിച്ച ഉടനെ തിരുവനന്തപുരം സിറ്റി സൈബർ സെല്ലിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് നഷ്ട്ടപ്പെട്ട പണം വീണ്ടെടുക്കാൻ കഴിഞ്ഞതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
മുട്ടടയിലെ ഒരു സ്ഥാപന ഉടമയുടെ സഹായിയായ തിരുമല ഇലിപ്പോട് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും 87980 രൂപയാണ് തട്ടിയെടുത്തത്. അതിൽ 78980 രൂപ സൈബർ സെല്ലിന്റെ ഇടപെടലിലൂടെ ഉടമയ്ക്ക് തിരികെ ലഭിച്ചു.
പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഒരാൾ സ്ഥാപന ഉടമയെ ഫോണിൽ വിളിച്ച് 10 കിലോ നെയ്മീൻ വേണമെന്ന് പറയുകയും, പണം ഓൺലൈൻ ആയി നൽകുന്നതിന് കടയുടമയുടെ കാർഡ് നമ്പർ ആവശ്യപ്പെടുകയും ചെയ്തു.
അയാൾക്ക് കാർഡ് ഇല്ലാത്തതിനാൽ അയാള്‍ക്കുവേണ്ടി ഓൺലൈൻ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഇലിപ്പോട് സ്വദേശിയായ യുവാവിന്റെ ഫോൺനമ്പർ നൽകുകയും ചെയ്തു. തുടർന്ന് തട്ടിപ്പ് സംഘം ഇയാളെ ഫോണിൽ ബന്ധപ്പെട്ടു.
കടയുടമയ്ക്ക് മീനിന്റെ പണം കൈമാറാനാണെന്ന് പറഞ്ഞ് ഇയാളുടെ കാർഡ് നമ്പരും മൊബൈൽ ഫോണിൽ വന്ന ഒടിപി നമ്പരുകളും ചോദിച്ച് മനസിലാക്കിയാണ് പണം തട്ടിയെടുത്തത്.
പണം നഷ്ടപ്പെട്ടതായി അറിഞ്ഞ ഉടനെ തന്നെ സൈബർ സെല്ലിൽ പരാതിപ്പെട്ടതുകൊണ്ടാണ് ഭൂരിഭാഗം പണവും തിരികെപ്പിടിക്കാൻ കഴിഞ്ഞത്. പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും തട്ടിപ്പ് സംഘം “മൊബിക് വിക്’ വാലറ്റിലേക്ക് മാറ്റിയ 19000 രൂപയിൽ 10000 രൂപയും “ഫ്ലിപ്കാർട്ട്’ അക്കൗണ്ടിലേക്ക് മാറ്റിയ 68980 രൂപ മുഴുവനുമായും തിരിച്ചു പിടിക്കാൻ സാധിച്ചു.
ഈ തുക ഉടമയുടെ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു. തട്ടിപ്പ് സംഘത്തെ കണ്ടെത്തുന്നതിനായി സൈബർസെൽ മുഖേന കൂടുതൽ അന്വേഷണം നടത്തുമെന്ന് കമ്മിഷണർ അറിയിച്ചു.
മിലിട്ടറി ഉദ്യോഗസ്ഥനെന്ന പേരിൽ വാഹനങ്ങൾ വില്ക്കനുണ്ടെന്നുള്ള തരത്തിൽ പ്രചരിക്കുന്ന പരസ്യങ്ങളുടെ പിന്നിലും തട്ടിപ്പ് സംഘങ്ങളാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതുപോലെ ഫേസ്ബുക്കു തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങളിൽ വീഴാതെ പൊതുജനങ്ങൾ ശ്രദ്ധ പുലർത്തണമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.