വൈക്കം: ജിഷ്ണുവിനെ കാണ്മാനില്ലെന്ന പരാതി കിട്ടിയ ഉടൻ അന്വേഷണം ആരംഭിച്ചിരുന്നതായി വൈക്കം പോലീസ്. നാലു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ശിവഗിരി, ആലുവ, കറുകച്ചാൽ എന്നിവിടങ്ങളിലെല്ലാം ജിഷ്ണുവിനെ തെരഞ്ഞിരുന്നു. സൈബർ വിദഗ്ധരുടെ സഹായത്തോടെയും അന്വേഷണം നടത്തിയിരുന്നു.
മൊബൈൽ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ജിഷ്ണു മറിയപ്പള്ളി ഭാഗത്തേക്ക് എന്തിനു പോയി എന്നതി ന് ബന്ധുക്കൾക്ക് ഇപ്പോഴും ഉത്തരം കണ്ടെത്താനായിട്ടി ല്ല.
ജിഷ്ണു പഠിച്ചതു ചേർത്തലയിലാണ്. ജോലി ചെയ്യുന്നതു കുമരകത്തും. മറിയപ്പള്ളി ഭാഗത്ത് യാതൊരു ബന്ധങ്ങളുമില്ലെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. ജിഷ്ണു മറ്റൊരു സ്ഥലത്തു പോയി ജീവനൊടുക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണു ബന്ധുക്കൾ പറയുന്നത്.
സാന്പത്തിക പ്രയാസങ്ങളോ കുടുംബപ്രശ്നങ്ങളോ ഒന്നും ഇല്ല. തീർത്തും ഒതുങ്ങി ക്കൂടുന്ന പ്രകൃതമായിരുന്നു. എല്ലാവരുമായും നല്ല സൗഹൃദവുമായിരുന്നു. വ്യക്തിവൈരാഗ്യങ്ങളും ഇല്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ദുരൂഹത ഒഴിയാതെ ജിഷ്ണുവിന്റെ തിരോധാനം
ശാന്തനും സഹായ മനസ്കതയുമുള്ള ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും ആസൂത്രിതമായി ആരോ വകവരുത്തിയതാകാമെന്ന വിശ്വാസത്തിലു മാണ് ജിഷ്ണുവിന്റെ നാട്ടിലെ സുഹൃത്തുക്കളും നാട്ടുകാരും.
കാലപ്പഴക്കവും പ്രായവും പ്രാഥമിക പരിശോധനയിൽ നിർണയിക്കാൻ കഴിയാതിരുന്ന അസ്ഥികൂടത്തിനു സമീപത്ത് ജിഷ്ണുവിന്റെ വസ്ത്രങ്ങളും പഴ്സും ചെരുപ്പും ഫോണും കണ്ടെത്തിയത് ദുരൂഹത വർധിപ്പിക്കുകയാണ്.
മൂന്നു പവനിലധികമുള്ള ജിഷ്ണുവിന്റെ മാല കണ്ടെത്താനായിട്ടില്ല. യാതൊരു പരിചയവുമില്ലാത്ത കാട്ടുപ്രദേശത്ത് അടുപ്പമുള്ള ആരെങ്കിലും കുട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാനായി അപായപ്പെടുത്തിയതാകാനുള്ള സാധ്യതും തള്ളിക്കളയാനാവില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.
ബാറിൽ എത്തിയിരുന്ന ക്രിമിനൽ പശ്ചാത്തലമുള്ള ആരെങ്കിലുമോ ക്രിമിനൽ ബന്ധമുള്ള സഹപ്രവർത്തകർക്കോ ജിഷ്ണുവിന്റെ തിരോധാനത്തിൽ പങ്കുണ്ടാകാമെന്ന് ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നു.
വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരനായ ജിഷ്ണുവിനു ജീവനൊടുക്കേണ്ട യാതൊരു സാഹചര്യവുമില്ലായിരുന്നു. ഒന്നര വർഷമായി കുമരകത്തെ ബാറിലായിരുന്നു ജോലി. ശന്പളമായി കിട്ടുന്ന തുക മുഴുവൻ അമ്മ ശോഭയെ ഏൽപ്പിച്ചശേഷം അത്യാവശ്യകാര്യങ്ങൾക്കു മാത്രം പണം വാങ്ങിയിരുന്നുള്ളു.
കഴിഞ്ഞ മൂന്നാം തീയതി രാവിലെ വീട്ടിൽ നിന്നു സൈക്കിളിൽ പോയ ജിഷ്ണു ശാസ്തക്കുളത്തുനിന്നു ബസിലാണ് കുമരകത്തേയ്ക്കു പോയത്. യാത്രാമധ്യേ ജിഷ്ണു ജോലി ചെയ്യുന്ന കുമരകത്തെ ബാറിലെ ജീവനക്കാരൻ ഫോണിൽ വിളിച്ചിരുന്നു.
പിന്നീട് ഫോണ് സ്വിച്ച് ഓഫായി. ബാറിലേയ്ക്കു കയറാതിരുന്ന ജിഷ്ണു മറ്റൊരു ഫോണിൽ സംസാരിച്ചു കോട്ടയത്തേക്കുള്ള ബസിൽ കയറി പോയതായും പറയപ്പെട്ടിരുന്നു.
അന്ന് സന്ധ്യയ്ക്കു ബാറിൽ ജോലി ചെയ്യുന്ന ചിലർ കുടവച്ചൂരിലെ വീട്ടിലെത്തി ജിഷ്ണു ജോലി സ്ഥലത്തു വന്നില്ലെന്ന് അറിയിച്ചു. പിന്നീട് കുടുംബം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിലും യുവാവിന്റെ തിരോധാനത്തെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചില്ല.