ന്യൂഡൽഹി: ലഡാക്കിലെ സംഘർഷം മൂർച്ഛിക്കുന്നു. ചൈന പാങ്ങോംഗ് തടാകതീരത്ത് നാലാംവിരൽ ഭാഗത്തു ഹെലിപാഡ് പണിയുന്നു. ഇവിടെ ഇന്ത്യൻ സേനയുടെ പട്രോളിംഗ് കിലോമീറ്ററുകൾ പിന്നിലാക്കാൻ ചൈന സമ്മർദം ചെലുത്തുന്നു.
ജൂൺ 15ന് ഇന്ത്യൻ സൈനികരെ വധിച്ച ഗൽവാൻ താഴ്വരയിലെ പട്രോളിംഗ് പോയിന്റ് (പിപി) 14-ൽ ചൈന സേനാതാവളം ഒരുക്കുന്നു. ഇന്ത്യയുടെ വ്യോമതാവളം സ്ഥിതിചെയ്യുന്ന ദൗളത്ത്ബെഗ് ഓൾഡിക്കു താഴെ ഡെപ്സാംഗ് താഴ്വരയിൽ ചൈന വൻതോതിൽ സന്നാഹം നടത്തുന്നു.
കൈവശമാക്കുന്നു
ചൈന പിന്മാറാനല്ല ഒരുങ്ങുന്നതെന്നു വ്യക്തമാക്കുന്നതാണ് ഈ നടപടികൾ. നീണ്ട പോരാട്ടത്തിനു തയാറെടുക്കാൻ ഇന്ത്യൻ സേനയ്ക്കു നിർദേശം നൽകിയിട്ടുണ്ട്. ഈയിടെ അതിക്രമിച്ചു കയറിയ പ്രദേശങ്ങൾ തങ്ങളുടെ വരുതിയിലാക്കുകയാണു ചൈനയുടെ ലക്ഷ്യമെന്നു കരുതപ്പെടുന്നു.
1962ലെ യുദ്ധവേളയിൽ ചൈന കൈവശപ്പെടുത്തിയ അക്സായിചിൻ മേഖല കൂടുതൽ വലുതാക്കുന്ന വിധമാണു ചൈനീസ് നടപടികൾ. ടിബറ്റൻ അതിർത്തി മുതൽ കാരക്കോറം ചുരം വരെയുള്ള പ്രദേശത്തായി നാലു സ്ഥലങ്ങളിലാണു ചൈന സംഘർഷാന്തരീക്ഷം നിലനിർത്തുന്നത്.
ദൗളത്ത്ബെഗ് ഓൾഡിയിലേക്കുള്ള ഇന്ത്യയുടെ പുതിയ റോഡിന്റെ ഉപയോഗം തടസപ്പെടുത്താനും ചൈന ആഗ്രഹിക്കുന്നു എന്നു പലരും കരുതുന്നു.
സന്നാഹം
ഇന്ത്യ ചൈനീസ് നീക്കങ്ങൾക്കു സമാന്തരമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ടാങ്കുകളും കവചിത വാഹനങ്ങളും പീരങ്കികളും അതിർത്തിക്കു സമീപം എത്തിച്ചു. സുഖോയ് 30 എംകെഐ, മിഗ് 29 പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും അതിർത്തിമേഖലയിലെത്തി. ചൈന സിൻജിയാംഗിലെ ഹോടാൻ വ്യോമതാവളത്തിൽ സുഖോയ് 27 യുദ്ധവിമാനങ്ങൾ എത്തിച്ചിട്ടുണ്ട്.
ഈ മാസാവസാനത്തോടെ കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെ 45,000 സൈനികരും അതിനൊത്ത യുദ്ധോപകരണങ്ങളും ആയുധങ്ങളും ഉണ്ടാകും. ചൈനയുമായി 1697 കിലോമീറ്റർ അതിർത്തിയാണു ലഡാക്കിലുള്ളത്.