കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍. സംഭവത്തില്‍ ഒന്‍പതംഗ സംഘത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.
തട്ടിപ്പ് സംഘത്തില്‍ യുവതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കും. വിവാഹാലോചനയുമായി എത്തുകയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്തെന്ന ഷംന കാസിമിന്റെ പരാതിയില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരേ നിരവധി പെണ്‍കുട്ടികളാണു രംഗത്തുവരുന്നത്. 18 പെണ്‍കുട്ടികളെ ഇവര്‍ ഇത്തരത്തില്‍ കുടുക്കിയെന്നാണു കണ്ടെത്തല്‍.
മോഡലിംഗിനെന്നു പറഞ്ഞ് പാലക്കാട്ടേക്കു വിളിച്ചുവരുത്തി സ്വര്‍ണക്കടത്തിനു നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തെന്ന് ഒരു പെൺകുട്ടി പരാതിപ്പെട്ടു. സംഘത്തിന് ഉന്നത ബന്ധവും സംശയിക്കുന്നുണ്ട്. കേസില്‍ ഇതിനോടകം ഒമ്പതു പെണ്‍കുട്ടികളുടെ മൊഴിയെടുത്തിട്ടുണ്ട്.
മൊഴികള്‍ രേഖപ്പെടുത്തുന്ന മുറയ്ക്കു കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും കമ്മീഷണര്‍ അറിയിച്ചു. പ്രതികള്‍ ഷംന കാസിമിനെ ലക്ഷ്യമിട്ടത് എന്തുകൊണ്ടാണെന്നു പ്രത്യേകം പരിശോധിക്കും.
പ്രതികളുടെ സിനിമാബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. കേസിലെ മുഖ്യപ്രതികള്‍ക്കു സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹെയര്‍ സ്റ്റൈലിസ്റ്റുമായി ബന്ധമുണ്ടെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തുന്നതിനു മുമ്പ്, പ്രതികളിലൊരാളായ റഫീഖ്, കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരയായ മറ്റൊരു പെണ്‍കുട്ടിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും വ്യക്തമായിട്ടുണ്ട്.
പരാതി പിന്‍വലിക്കണമെന്നു റഫീഖ് പലവട്ടം ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. സ്വര്‍ണവും പണവും പോലീസ് സാന്നിധ്യത്തില്‍ തിരികെ നല്‍കാമെന്നാണ് ഇയാള്‍ പറഞ്ഞത്.
ഭീഷണി തുടരുകയും ചെയ്തെന്നും പെണ്‍കുട്ടി പറയുന്നു. ഭീഷണിയില്‍ ഭയന്നാണു പരാതിയുമായി മുന്നോട്ടുപോകാന്‍ മടിച്ചതെന്നും അവര്‍ പറഞ്ഞു.