ന്യൂഡൽഹി: ഇന്ത്യയുടെ മണ്ണിൽ കണ്ണുവച്ചവർക്ക് ഉചിതമായ തിരിച്ചടി നൽകിയിട്ടുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരേസമയം, നിരവധി വെല്ലുവിളികൾ നേരിടുകയാണ്. എല്ലാ വെല്ലുവിളികളെയും രാജ്യം സധൈര്യം നേരിടുമെന്ന് പ്രതിമാസ റേഡിയ പരിപാടിയായ മൻ കി ബാത്തിൽ മോദി പറഞ്ഞു.
അതിർത്തി കാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. പ്രകോപനങ്ങൾക്ക് എങ്ങനെ മറുപടി നൽകണമെന്നറിയാം. ലഡാക്കിൽ ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്.
വീരമൃത്യു വരിച്ച ഇരുപതു ജവാന്മാർ ജീവൻ നൽകിയത് നമുക്കുവേണ്ടിയാണ്. രാജ്യത്തെ ശക്തിപ്പെടുത്താൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങുക എന്നത് രാജ്യസേവനം കൂടിയാണെന്നും മോദി ഓർമപ്പെടുത്തി.
രാജ്യത്ത് കോവിഡ് ജാഗ്രത തുടരണം. ഒരാൾ ജാഗ്രത കൈവിട്ടാൽ അതു നിരവധി പേരെ അപകടത്തിലാക്കും. ലോക്ക്ഡൗണിൽനിന്ന് രാജ്യം പുറത്തുകടക്കുകയാണ്.
മാർഗനിർദേശങ്ങൾ ആരും ലംഘിക്കരുത്. മാസ്കും ആളകലവും എല്ലാവരും പാലിക്കണം. കോവിഡ് കാലം ഇത്ര നീളുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതിസന്ധികളിൽ തളരരുതെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ പ്രധാന ലക്ഷ്യം ആത്മനിർഭർ ഭാരത് ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണ്‍സൂണും കോവിഡും കൂടുതൽ ശ്രദ്ധയോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.