കൊച്ചി: നടി ഷംന കാസിമിനെയുള്പ്പെടെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരേ പരാതിപ്പെടാന്‍ യുവതികള്‍ തയാറാവുന്നില്ല.
നിലവില്‍ 18 പെണ്‍കുട്ടികളെ പ്രതികള്‍ കുടുക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പത്തോളം പേരാണ് പരാതി നല്കാന് തയാറായിട്ടുള്ളത്. മറ്റുള്ളവരുമായി പോലീസ് ബന്ധപ്പെട്ടെങ്കിലും പരാതി നല്കാന് യുവതികള്‍ തയാറായില്ല.
ഇത് അന്വേഷണസംഘത്തെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അതേസമയം യുവതികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിന് പ്രതികള്‍ക്കെതിരെ മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
ഷംന കാസിം നല്കിയ പരാതിയില്‍ മുഖ്യപ്രതി റഫീഖ് ഉള്‍പ്പെടെ ഏഴുപേരാണ് ഇതുവരെ പിടിയിലായത്. ഒമ്പത് പ്രതികളുണ്ടെന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.
രണ്ടുപേര്‍കൂടി പിടിയിലാകാനുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ഹെയര്‍ സ്റ്റൈലിസ്റ്റിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
ഇയാള്‍ വഴി പ്രതികള്‍ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നാണ് സൂചന. അതേസമയം ഹൈദരാബാദില്‍ നിന്നും ഇന്ന് കൊച്ചിയിലെത്തുന്ന നടി ഷംന കാസിമിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയേക്കും.
കോവിഡ് സാഹചര്യം പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം. കൂടാതെ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്ന് നടന്നേക്കും.