കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമ ബന്ധം വ്യക്തമായതോടെ കൂടുതല്‍ സിനിമക്കാരെ ചോദ്യം ചെയ്യും.
പ്രതികളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും തെളിവു ശേഖരിക്കുന്നതിനുമാണിത്. നടന് ധര്മജന് ബോള്‍ഗാട്ടിയെ വിളിച്ചുവരുത്തി മൊഴിയെടുത്തു.
ഇനി രണ്ടു നടന്മാരില് നിന്നുകൂടി മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു. മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസ് ആണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയെന്ന പരാതിയില്‍ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയതോടെയാണു ധര്മജന് ബോള്‍ഗാട്ടിയെ പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്. സ്വര്ണക്കടത്തുകാരെന്നു പറഞ്ഞു തന്നെയാണു പ്രതികള്‍ തന്നെ വിളിച്ചത്.
പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര വഴിയാണു ഫോണ്‍ നമ്പര്‍ അവര്‍ക്കു ലഭിച്ചതെന്നും ധര്മജന് വെളിപ്പെടുത്തി. ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസിനെ തൃശൂരില്‍നിന്നാണ് പിടികൂടിയത്. പ്രതികളായ റഫീഖും മുഹമ്മദ് ഷരീഫും ഹാരിസും ബന്ധുക്കളാണ്.
ഹാരിസ് വഴിയാണ് പ്രതികള്‍ ഷംനയെ ബന്ധപ്പെട്ടത്. ഹൈദരാബാദില്‍നിന്ന് ഉച്ചയോടെ ഷംന നാട്ടില്‍ തിരിച്ചെത്തി. മരടിലെ വീട്ടില്‍ 14 ദിവസം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഷംനയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തുമെന്നു പോലീസ് അറിയിച്ചു.
മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസ് പിടിയിലായതോടെയാണ് അന്വേഷണം സിനിമ മേഖലയിലെ കൂടുതല്‍ പേരിലേക്ക് എത്തുന്നത്. മേക്കപ്പ് മാനാണ് അറസ്റ്റിലായ ഹാരിസ്. പ്രതികളില്‍ ഒരാളുടെ ഫോണില്‍നിന്നും ധര്‍മജന്റെ നമ്പര്‍ കിട്ടിയിരുന്നു.
ഇതേക്കുറിച്ച് കൂടുതല്‍ ചോദിക്കാന്‍ ആണ് ധര്‍മജനെ കമ്മീഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ തട്ടിപ്പുകാരെപ്പറ്റി തനിക്ക് അറിയില്ലെന്നും അഷ്കര്‍ അലി എന്ന് പരിചയപ്പെടുത്തിയ ആള് ആണ് നമ്പര്‍ വാങ്ങിയതെന്നും പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര വ്യക്തമാക്കി.
ഇയാള്‍ സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിനാലാണ് നമ്പര്‍ നല്‍കിയതെന്നും ഷാജി പട്ടിക്കര പറഞ്ഞു. ബ്ലാക്ക് മെയില്‍ കേസിലെ തട്ടിപ്പിന്റെ ആസൂത്രണത്തില്‍ ഹാരിസിന് മുഖ്യ പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസ് തൃശൂര്‍ സ്വദേശിയാണ്. തട്ടിപ്പ് സംഘത്തെയും ഷംന കാസിമിനെയും ബന്ധപ്പെടുത്തിയതില്‍ ഇയാള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്. ചില കാര്യങ്ങളില്‍ പരാതിക്കാരിയില്‍നിന്നും വ്യക്തത വേണ്ടിവരുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.
ഷംന കാസിമിന്റെ അച്ഛന് കാസിമിന്റെയും അമ്മ റൗല ബീവിയുടെയും മൊഴിയും ഇന്ന് വീണ്ടും രേഖപ്പെടുത്തും. എന്നാല്‍ തട്ടിപ്പിന് പിന്നില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഇടനിലക്കാരുള്ളതായി അറയില്ലെന്നും ഷംനയുടെ അമ്മ റൗല ബീവി പറഞ്ഞു.
കേസില്‍ കൂടുതല്‍ യുവതികളെ ഇരകളാക്കിയെങ്കിലും പലരും പരാതിയുമായി മുന്നോട്ട് പോകുന്നതിന് താല്‍പ്പര്യക്കുറവ് അറിയിക്കുന്നത് പോലീസിന് തിരിച്ചടിയാകുന്നുണ്ട്. കുടുംബപരമായ പ്രശ ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പല യുവതികളും പിന്മാറുന്നത്.
ഈ പ്രതികളുമായി ബന്ധപ്പെട്ട് നിലവില്‍ ഏഴു കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എട്ടു പ്രതികള്‍ അറസ്റ്റിലുമായി. അതിനിടെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിനു വേണ്ടി ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതു പാലാരിവട്ടം സ്വദേശിനിയെന്ന് ഇരകളിലൊരാളായ ആലപ്പുഴ സ്വദേശിനി വെളിപ്പെടുത്തി.
പരാതിയും കേസുമായി നടന്നാല്‍ ഭാവി നശിപ്പിക്കുമെന്ന് ഇവര്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതായും വെളിപ്പെടുത്തി. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഇവര്‍.