കോട്ടയം: പള്ളിക്കത്തോട്ടിൽ ഒരു കുടുംബത്തിലെ ആറു പേർക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ് ഉൗർജിതമാക്കി. പള്ളിക്കത്തോട് പഞ്ചായത്തിൽ ഒരാഴ്ചക്കിടെ ഏഴു പേർക്കാണ് കോവിഡ് ബാധിച്ചത്. പഞ്ചായത്തിലെ എട്ടാം വാർഡിലുള്ളവർക്കാണു രോഗം പിടിപെട്ടത്.
ഒരു വീട്ടിലെ ആറു പേർക്കും വിദേശത്തുനിന്നും എത്തിയ ഒരാൾക്കുമാണ് രോഗ ബാധ. പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിക്കാണു ആദ്യം രോഗം പിടിപെട്ടത്. യുവതിയുടെ ഭർതൃപിതാവിനു ഒരാഴ്ച മുന്‍പ് രോഗം കണ്ടെത്തിയിരുന്നു.
തുടർന്നു നടത്തിയ പരിശോധനയിലാണു യുവതിയ്ക്കും രോഗം സ്ഥിരീകരിച്ചത്. എന്നാൽ യുവതിയിൽ നിന്നാണു ഭർതൃപിതാവിനു രോഗം പിടിപെട്ടതെന്നും യുവതിയ്ക്കു പിന്നീടാണു പരിശോധനയിൽ രോഗം സ്ഥിരീകരിക്കാനായതെന്നുമാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
യുവതിയുടെ ഭർത്താവ്(37), ആറും മൂന്നും വയസുള്ള പെണ്‍കുട്ടികൾ, ഭർതൃമാതാവ് (67) എന്നിവർക്കാണ് വൈറസ് ബാധിച്ചത്. എട്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി സന്പർക്കം പുലർത്തിയ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്ൈറനിലാണ്.
ഇവർ സന്ദർശിച്ച വ്യാപാര സ്ഥാപനങ്ങൾ പ്രതിരോധ നടപടിയുടെ ഭാഗമായി അടപ്പിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പൊൻകുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ കുടുംബത്തിൽ സന്ദർശനം നടത്തിയ ബെംഗളൂരുവിൽനിന്നുള്ള ബന്ധുക്കളുടെയും പൊൻകുന്നത്തെ ആശുപത്രിയിൽ ഇവരുമായി അടുത്ത സന്പർക്കം പുലർത്തിയ സഹപ്രവർത്തകയുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.
അതേസമയം കോട്ടയം ജില്ലയ്ക്കു ഇന്നലെ ആശ്വാസത്തിന്റെ ദിനമായിരുന്നു. ജില്ലയിൽ ഇന്നലെ എട്ടു പേർ കോവിഡ് രോഗമുക്തരാവുകയും ലഭിച്ച 325 പരിശോധന ഫലങ്ങൾ നെഗറ്റീവാവുകയും ചെയ്തു. ജൂണ്‍ ഒന്നിനു ശേഷം ജില്ലയിൽ പുതിയ കോവിഡ് രോഗികളില്ലാത്ത ആദ്യ ദിവസവുമായിരുന്നു. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ ആകെ എണ്ണം 104 ആയി.
രോഗമുക്തരായവർ ഉൾപ്പെടെ ഇതുവരെ 216 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതിൽ ഏറ്റവുമധികം പേരുടെ പരിശോധനാ ഫലം പോസിറ്റീവായതും ഈ മാസമാണ്. ജൂണ്‍ മാസത്തിൽ ഇതുവരെ 173 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പ്രതിദിന ശരാശരി 6.4 ആണ്.
മേയ്-23, ഏപ്രിൽ-17, മാർച്ച്-മൂന്ന് എന്നിങ്ങനെയാണ് മുൻ മാസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. അബുദാബിയിൽനിന്നെത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശി(59), ചെന്നൈയിൽനിന്നെത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച മുണ്ടക്കയം സ്വദേശി(23), മുംബൈയിൽനിന്നെത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച ടിവി പുരം സ്വദേശി(33),
സൗദി അറേബ്യയിൽനിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച ഗർഭിണിയായ ആർപ്പൂക്കര സ്വദേശിനി(28), അബുദാബിയിൽനിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച മാലം സ്വദേശി(55), സന്പർക്കം മുഖേനയുള്ള രോഗബാധ ജൂണ്‍ 15ന് സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(61), മുംബൈയിൽനിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശി(53), സൗദി അറേബ്യയിൽ നിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച നീണ്ടൂർ സ്വദേശി(33) എന്നിവരാണ് രോഗമുക്തരായത്.
കോവിഡ് നിയന്ത്രണങ്ങൾ എട്ടാം വാർഡിൽ മാത്രം: ജില്ലാ കളക്ടർ
കോട്ടയം: പള്ളിക്കത്തോട് പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ്് സോണായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള എട്ടാം വാർഡിൽ മാത്രമാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ബാധകമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.
പഞ്ചായത്ത് മുഴുവൻ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല. അതുകൊണ്ടു ഇതു സംബന്ധിച്ച ശിപാർശ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.