മാവേലിക്കര: നൂറ്റാണ്ടുകൾ പഴക്കമുള്ള ആറാട്ട് മണ്ഡപത്തിന് നേരേയുണ്ടാകുന്ന ആക്രമണം മാവേലിക്കരയുടെ പൈതൃകവും ചരിത്രവും മാറ്റിയെഴുതുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം വിനോദ് ഉന്പർനാട് ആരോപിച്ചു.
മണ്ഡപത്തിനു നേരേ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി മാവേലിക്കര നഗരസമിതിയുടെ നേതൃത്വത്തിൽ മണ്ഡപത്തിനു സമീപം നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകൾ പഴക്കമുള്ള രാജ മുദ്രയോടു കൂടിയ കൽമണ്ഡപവും കളിത്തട്ടും സംരക്ഷിക്കേണ്ടത് മാവേലിക്കരയുടെ പൈതൃക സംരക്ഷണത്തിന് അനിവാര്യമാണ്.
അനവധി തവണയാണ് ഇതിനു നേരെ അതിക്രമം നടന്നിരിക്കുന്നത്. മാവേലിക്കര ആറാട്ടുകടവിലെ കൽമണ്ഡപവും കളിത്തട്ടും ട്രാവൻകുർ റീലീജിയൻസ് ആക്ട് 1950 അനുസരിച്ച് മാവേലിക്കര ശ്രീകൃഷ്ണസ്വാമിയുടെ സ്വത്താണ്.
കാലങ്ങളായി ഇതിനെ തകർക്കുവാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടുന്നു വരികയാണ്. മണ്ഡപത്തിനു നേരെ അതിക്രമം നടത്തുന്ന സാമൂഹ്യ വിരുദ്ധരെ അറസ്റ്റു ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും വിനോദ് ഉന്പർനാട് ആവശ്യപ്പെട്ടു.