കളമശേരി: വിവാദ നായകൻ സക്കീർ ഹുസൈന്റെ പിൻഗാമിയായി ചുമതലയേൽക്കുന്ന സിപിഎം കളമശേരി ഏരിയ സെക്രട്ടറി എം.ഇ. ഹസൈനാരുടെ മുന്നിലെ ആദ്യ വെല്ലുവിളി പാർട്ടിയുടെ പ്രതിച്ഛായ തിരിച്ചു പിടിക്കൽ.
വ്യവസായിയെ തട്ടിക്കൊണ്ട് പോകൽ, പ്രളയ തട്ടിപ്പ് തുടങ്ങിയവയിലൂടെ കുപ്രസിദ്ധിയാർജിച്ച കളമശേരി ഏരിയ കമ്മിറ്റി പാർട്ടിക്ക് ഉണ്ടാക്കിയ ചീത്തപ്പേര് കഴുകിക്കളയാനുള്ള ചുമതലയാണ് ഹസൈനാരെ ഏൽപ്പിച്ചിരിക്കുന്നത്.
ഒക്ടോബറിൽ നടക്കുന്ന തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പാണ് പുതിയ ഏരിയാ സെക്രട്ടറിയുടെ സംഘടനാ പാടവത്തിന് തെളിവാകുക. നേട്ടങ്ങൾ ഇല്ലെങ്കിൽ പാർട്ടി പുതിയയാളെ കണ്ടെത്താനും ഇടയുണ്ട്.
അല്ലെങ്കിൽ രണ്ട് നിയോജക മണ്ഡലത്തിലായി കിടക്കുന്ന ഏരിയ കമ്മിറ്റിയെ തൃക്കാക്കര, കളമശേരി എന്ന പേരുകളിൽ രണ്ടാക്കാനുള്ള നിർദേശം പുന:ർജ്ജീവിപ്പിക്കാനും സാധ്യതയുണ്ട്. കളമശേരി ബിടിആർ മന്ദിരത്തിൽ ഇന്നലെ നടന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് നീണ്ട ചർച്ചകൾക്ക് ശേഷം എം.ഇ. ഹസൈനാർക്ക് നറുക്ക് വീണത്.
കളമശേരി നഗരസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഹെന്നി ബേബി നിർദേശിച്ച പേരിനാണ് ഒടുവിൽ അംഗീകാരമായത്. സക്കീർ വിഭാഗം നിർദേശിച്ച പേര് പിൻവലിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ. ചന്ദ്രൻ പിള്ള, സി.എം. ദിനേശ് മണി എന്നിവർ പങ്കെടുത്തു.
അനധികൃത സ്വത്ത് സമ്പാദനത്തിന് ആറു മാസത്തേക്ക് വി.എ. സക്കീർ ഹുസൈനെ പുറത്താക്കിയ ഒഴിവിലേക്കാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. കളമശേരി ഏരിയ കമ്മിറ്റിയിലെ മുതിർന്ന അംഗമാണ് ഹസൈനാർ. നാലു പതിറ്റാണ്ടിലേറെക്കാലം സഹകരണ രംഗത്ത് സജീവമാണ്.
ദീർഘകാലം തൃക്കാക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ജില്ലയിലെ മികച്ച സഹകാരി കൂടിയായ ഹസൈനാർ പ്രളയ ഫണ്ട്കാലത്ത് വിവാദമായ അയ്യനാട് സർവീസ് സഹകരണ ബാങ്ക് കൂടാതെ കണയന്നൂർ കാർഷിക വികസന ബാങ്ക് എന്നിവയുടെ പ്രസിഡന്റ്, കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.