കെ.ടി.വിൻസെന്റ്
ചാവക്കാട്: കടലിന്റെ മക്കൾക്കറിയാം കടലമ്മ കൊണ്ടുപോയാൽ എന്തു സംഭവിക്കുമെന്ന്. മൂന്നാംപക്കമെന്ന് പറയുമെങ്കിലും സുഹൃത്തുക്കൾ മൂന്നുപേരുടെ ഫോട്ടോകൾവച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്നലെ കടപ്പുറത്ത് പന്ത് കളിക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ട അഞ്ച് യുവാക്കളിൽ രണ്ടുപേർ രക്ഷപ്പെട്ടു.
രണ്ടുപേരെ കാണാതായി. ഒരാളുടെ മൃതദേഹം കിട്ടി. രാവിലെയുണ്ടായ അപകടത്തിൽപ്പെട്ടവരെ വൈകീട്ട് തിരിച്ചു കിട്ടാതെവന്നപ്പോഴാണ് സുഹൃത്തുക്കൾ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ബോർഡ് സ്ഥാപിച്ചത്.
ചക്കര ബാബുരാജിന്റെ മകൻ വിഷ്ണുരാജി (18)ന്റെ മൃതദേഹമാണ് കിട്ടിയത്. വലിയകത്ത് ജനാർദനന്റെ മകൻ ജിഷ്ണു (23), കരിന്പാച്ചൻ സുബ്രഹ്്മണ്യന്റെ മകൻ ജഗന്നാഥൻ (18) എന്നിവരെയാണ് കാണാതായത്. അവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെങ്കിലും പ്രിയപ്പെട്ടവരുടെ ഓർമയിൽ കണ്ണീർപ്പൂക്കൾ സമർപ്പിച്ചു.
അന്നം തേടി രണ്ട് അച്ഛന്മാർ കടലിൽ വലയെറിഞ്ഞ് മീൻ പിടിക്കുന്പോൾ അതേ കടലിൽ തങ്ങളുടെ മക്കൾ ജീവനുവേണ്ടി പിടക്കുകയാണെന്ന് അവരറിഞ്ഞില്ല. ഇരട്ടപ്പുഴ സ്വദേശികളായ വലിയകത്ത് ജനാർദ്ദനനും കരിന്പാച്ചൻ സുബ്രഹ്്മണ്യനും കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് ഇവരുടെ മക്കളായ ജിഷ്ണുവും ജഗന്നാഥനും കടലിൽ കാണാതാവുന്നത്.
ഉപജീവനത്തിനായി പിതാക്കളും ജീവനുവേണ്ടി മക്കളും ഒരു വിളിപ്പാടകലെ… ഉറ്റവരുടെയും ബന്ധുക്കളുടെയും ചങ്ക് തകരുകയാണ്. നാട്ടുകാർക്ക് ഓർക്കാൻ കഴിയുന്നില്ല. മണിക്കൂറുകൾക്ക് ശേഷം മീൻപിടിത്തം കഴിഞ്ഞ് ഇരുവരും കരയിൽ എത്തിയപ്പോൾ കാത്തിരുന്നത് നെഞ്ചുപിളർക്കുന്ന വിവരം.
കടലിനെ അറിയുന്ന കടലിന്റെ മക്കൾക്ക് ഇത് എങ്ങിനെ സംഭവിച്ചു. നാട്ടുകാർ പരസ്പരം ചോദിക്കുന്നു. ഒരു നെടുവീർപ്പിനൊടുവിൽ… വിധി അല്ലാതെ എന്തുപറയാൻ.
കടലിൽ കാണാതായവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു
ചാവക്കാട്: ബ്ലാങ്ങാട് കുമാരൻപടി കടപ്പുറത്ത് കടലിൽ കാണാതായ രണ്ടു യുവാക്കൾക്കായി ഇന്നു വീണ്ടും തിരച്ചിൽ ആരംഭിച്ചു. ബോട്ടുകളും യന്ത്രം ഘടിപ്പിച്ച നാടൻവള്ളങ്ങളുമായി 25ൽപരം യാനങ്ങൾ തീരക്കടലിലും ഉൾക്കടലിലുമായി തിരച്ചിൽ നടത്തുന്നുണ്ട്.
ഇന്നലെ രാവിലെയാണ് അഞ്ച് യുവാക്കൾ തിരയിൽപ്പെട്ടത്. കടപ്പുറത്ത് പന്ത് കളിക്കുന്നതിനിടയിൽ കടലിലേക്ക് തെറിച്ചുവീണ പന്ത് എടുക്കുന്നതിനിടയിലാണ് അപകടം. ചക്കര ബാബുരാജിന്റെ മകൻ വിഷ്ണുരാജ് (18) മരിച്ചു.
വലിയകത്ത് ജനാർദ്ദനന്റെ മകൻ ജിഷ്ണു (23) കരിന്പാച്ചൻ സുബ്രഹ്്മണ്യന്റെ മകൻ ജഗന്നാഥൻ (19) എന്നിവരെയാണ് കാണാതായി. മറ്റു രണ്ടുപേർ രക്ഷപ്പെട്ടു.
കാണാതായവർക്കുവേണ്ടി ഇന്നലെ ഹെലികോപ്റ്റർ അടക്കം വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. രാത്രി ശക്തമായ മഴ എത്തുന്നതുവരെ തിരച്ചിൽ തുടർന്നു. ഇന്നുരാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ ഒരു യുവാവ് കടലിൽ ഒഴുകുന്നത് കണ്ടതായി വിവരം ലഭിച്ചു.
കരയിൽ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമായി വലിയൊരു ജനം കാത്തുനിൽക്കുകയാണ്. റവന്യൂ, പോലീസ് തുടങ്ങിയവരും ആംബുലൻസും കരയിൽ തന്പടിച്ചിട്ടുണ്ട്.
അപകടത്തിൽ മരിച്ച വിഷ്ണുരാജിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റുമോർട്ടം നടത്തും.