തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ ഇരുട്ടടിയായി ബസ് ചാർജ് വർധനവ്. സംസ്ഥാനത്ത് ബസിൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. അഞ്ച് കിലോമീറ്റർ എന്നത് രണ്ടര കീലോമീറ്ററാക്കിയാണ് ചുരുക്കിയത്. കോവിഡ് കാലത്തേക്ക് മാത്രമാണിത്.
നിലവിലെ അഞ്ച് കിലോമീറ്റർ ദൂരപരിധിയിൽ സഞ്ചരിക്കണമെങ്കിൽ ഇനി 11 രൂപ നൽകേണ്ടിവരും. മിനിമം ചാർജ് ദൂരപരിധി കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 90 പൈസ നൽകേണ്ടിവരുന്നതോടെയാണ് 11 രൂപയിലെത്തുന്നത്.
മിനിമം ബസ് ചാർജ് 10 രൂപയാക്കണമെന്നും തുടർന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടാമെന്നുമായിരുന്നു ജസ്റ്റീസ് രാമചന്ദ്രൻ കമ്മിഷൻ ശിപാർശ നൽകിയിരുന്നത്.
എന്നാൽ മിനിമം ചാർജ് വർധിപ്പിക്കാതെ തന്നെ ഫലത്തിൽ ഇത് 11 രൂപയായി മാറിയിരിക്കുകയാണ്. രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം എന്നത് ഓരോ കിലോമീറ്ററിന് 90 പൈസ വീതമാക്കുകയും ചെയ്തു. വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിപ്പിക്കണമെന്ന് ശിപാർശ ഉണ്ടായിരുന്നെങ്കിലും മന്ത്രിസഭാ യോഗം പരിഗണിച്ചില്ല.