ശ്രീനഗർ: ജമ്മുകാഷ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയുടെ പട്രോളിംഗിനിടെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. ആക്രമണത്തിൽ ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ടു. മൂന്ന് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിൽനിന്നും മൂന്ന് വയസുകാരനെ ജമ്മുകാഷ്മീർ പോലീസ് സാഹസികമായി രക്ഷപെടുത്തുകയും ചെയ്തു. ബാരാമുള്ളയിലെ സോപോര ടൗണിൽ ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. സിആർപിഎഫ് പട്രോൾ പാർട്ടിക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ രക്ഷപെട്ടു.
വെടിവയ്പിൽ നാല് ജവാൻമാർക്ക് ആണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരണപ്പെട്ടു. സംഭവസ്ഥലത്ത് കുട്ടിക്കൊപ്പം കാറിലെത്തിയ ആളാണ് മരിച്ച മറ്റൊരാൾ. വെടിയേറ്റ ഇയാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടിയെ പോലീസ് വെടിവയ്പിനിടെ സാഹസികമായി രക്ഷപെടുത്തി.
അതേസമയം നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന് ഇരുപതിനായിരം സൈനികരെ വിന്യസിച്ചതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ അതിര്‍ത്തിയിലാണ് സൈനികരെ എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചൈനീസ്- പാക്കിസ്ഥാന് ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. 10 മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കാഷ്മീരില്‍ ആക്രമണം നടത്തുന്നതിനായി അല്‍ ബദര്‍ എന്ന ഭീകര സംഘടനയുമായി ചൈന ചര്‍ച്ച നടത്തിയതായും പറയപ്പെടുന്നു.