ചേർത്തല: കൊല്ലം എസ്എൻ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതി ചേർത്തേക്കുമെന്നു സൂചന. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെ വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു.
ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി ചോദ്യം ചെയ്തത്.
1997-98 ൽ കൊല്ലം എസ്എൻ കോളജിന്റെ സുവർണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്സും നിർമിക്കുന്നതിനായി എക്സിബിഷനും പിരിവും നടത്തിയിരുന്നു.
കൊല്ലത്തെ ബാങ്കിൽ നിക്ഷേപിച്ചിരുന്ന ഫണ്ടിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ വകമാറ്റിയെന്നാണ് പരാതി. എസ്എൻ ട്രസ്റ്റ് അംഗത്തിൻറെ പരാതിയിലാണ് കേസെടുത്തത്.
2004 മുതലുള്ള കേസിന്റെ നടപടികൾ വൈകുന്നത് ചൂണ്ടിക്കാട്ടി നല്കിയ പരാതിയിന്മേൽ ജൂലൈ ആറിനുമുന്പായി കുറ്റപത്രം സമർപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണസംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്ത്.