കോട്ടയം: മറിയപ്പള്ളിയിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു കിടന്ന സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അടിമൂടി ദുരൂഹത.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജെസിബി ഉപയോഗിച്ചു കാട് വെട്ടി തെളിക്കുന്നതിനിടയിൽ മാംസം അഴുകിയ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ അസ്ഥികൂടത്തിനു സമീപത്തു നിന്നും വസ്ത്രങ്ങൾ, പഴ്സ്, ചെരുപ്പ്, മൊബൈൽ ഫോണ് എന്നിവ കണ്ടെത്തിയിരുന്നു.
ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വൈക്കത്തു നിന്നും കാണാതായ കുമരകം ബാറിലെ ജീവനക്കാരനായ കുടവെച്ചൂർ സ്വാമികല്ല് വെളുത്തേടത്തുചിറയിൽ ജിഷ്ണു (23)വിന്റേതാണെന്ന് അസ്ഥികൂടമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.
അസ്ഥികൂടം ജിഷ്ണുവിന്റേതാണെന്ന് ഉറപ്പിക്കുന്നതിനായി ഡിഎൻഎ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ അസ്ഥികൂടം ബന്ധുക്കൾക്കു വിട്ടുനല്കൂ.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോട്ടയം ജില്ലാ പോലീസ് ചീഫ് ജി. ജയദേവിനു പരാതി നല്കിയിട്ടുണ്ട്.
സുഹൃത്തുക്കൾ പറയുന്നു, ‘അവനൊരു പാവമായിരുന്നു…’
കോട്ടയം: കുമരകത്തെ ബാറിൽ ജിഷ്ണുവിനൊപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കൾക്കു ജിഷ്ണുവിനെക്കുറിച്ചു പറയാൻ നല്ലതു മാത്രം.
സൗമ്യനും ശാന്തശീലനുമായിരുന്ന ജിഷ്ണു ജീവനൊടുക്കിയെന്നു വിശ്വസിക്കാൻ സുഹൃത്തുക്കൾക്ക് കഴിയുന്നില്ല. സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കുകയോ ദേഷ്യപ്പെട്ടു സംസാരിക്കുകയോ ചെയ്യാത്ത പ്രകൃതക്കാരനാണ് ഇയാൾ.
മിക്കപ്പോഴും കൃത്യസമയത്ത് ജോലിക്കെത്തി മടങ്ങുന്ന പതിവുകാരനുമായിരുന്നുവെന്നു സുഹൃത്തുക്കൾ പറയുന്നു. വിശദമായി അന്വേഷണം നടത്തി സംഭവത്തിനു പിന്നിലെ യഥാർഥ്യം പുറത്തു കൊണ്ടുവരണമെന്നാണ് ഇവർക്കു പറയാനുള്ളത്.