ഏറ്റുമാനൂർ: ഫേസ്ബുക്കിൽ കമന്റ് ഇട്ടതു പിടിച്ചില്ല. യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടു പോയശേഷം മർദിച്ചവശനാക്കിയ സംഭവത്തിൽ രണ്ടുപേർ ഇന്നലെ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കേസിലെ ഒന്നാം പ്രതി അയ്മനം മങ്കിഴപടിയിൽ വീനിത് സഞ്ജയനെ(32) പോലീസ് മുന്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോൾ റിമാൻഡിലാണ്.
ഏറ്റുമാനൂരിലെ ബന്ധു വീട്ടിൽ താമസിച്ചു വരികയായിരുന്ന ഫൈസലി(24)നെയാണ് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി മർദിച്ചത്.
മർദനമേറ്റ ഫൈസലിനെ വിളിച്ചുവരുത്തി ഇന്നലെ സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതികളെ തിരിച്ചറിഞ്ഞശേഷമേ അവ രുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
പ്രതികളുടെ പരിചയത്തിലുള്ള ഒരാൾ ഫേസ്ബുക്കിൽ ഇട്ട ചിത്രത്തിനു ഫൈസൽ കമന്റ് ഇട്ടിരുന്നു. പ്രതികൾ പലപ്പോഴായി ഇയാളോട് കമന്റ് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫൈസൽ അതിനു തയാറായില്ല.
ഇതിനെ ചൊല്ലിയുണ്ടായ വൈരാഗ്യത്തിന്റെ പേരിൽ ഇവർ ഫൈസലിനെ വീട്ടിൽ നിന്നും ബലമായി വിളിച്ചിറക്കി തട്ടിക്കൊണ്ടു പോവുകയും വിനീതിന്റെ അയ്മനത്തുള്ള വീട്ടിൽ എത്തിച്ചു മർദിക്കുകയായിരുന്നു.
ഫൈസലിനെ തട്ടിക്കൊണ്ടു പോയതോടെ വീട്ടുകാർ ഏറ്റുമാനൂർ പോലീസിൽ അറിയിച്ചു. തുടർന്ന് ഏറ്റുമാനൂർ പോലീസ് അന്വേഷിച്ചതോടെ ഫൈസ ൽ അയ്മനത്തുള്ള വീനിതിന്റെ വീട്ടിൽ ഉണ്ടെന്ന് മനസിലാവുകയും വിനീതിന്റെ വീട്ടിൽ ചെന്നു ഫൈസലിനെ മോചിപ്പിക്കുകയുമായിരുന്നു.
തുടർന്ന് വിനീതിനെ കസ്റ്റഡിയിലെടുത്തു. പീന്നിട് പോലീസ് ഫൈസലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.