ചേർത്തല: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീനാരായണ സഹോദര ധർമവേദി കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് വെള്ളാപ്പള്ളി നടേശന്റെ വസതിയിലേക്ക് മാർച്ച് നടത്തും.
മഹേശന്റെ ദുരൂഹമരണത്തിനിടയാക്കിയ സാഹചര്യവും മരണക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന വെള്ളാപ്പള്ളിയുടെ അഴിമതിയും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും വെള്ളാപ്പള്ളി നടേശനും കുടുംബവും എസ്എൻഡിപിയുടെ എല്ലാ സ്ഥാനമാനങ്ങളും രാജിവച്ചൊഴിയണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്.
ഇന്നു വൈകുന്നേരം നാലിന് കണിച്ചുകുളങ്ങര അറുകുല ക്ഷേത്രത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് ശ്രീനാരായണ സഹോദര ധർമവേദി വർക്കിംഗ് ചെയർമാൻ സി.കെ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്യും. അതേസമയം, മഹേശന്റെ ആത്മഹത്യയ്ക്ക് കാരണമായ ഗൂഢാലോചനയിൽ പോലീസിന്റെ ഉന്നതതല ഇടപെടലുകളുണ്ടായിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
നീതിപൂർവമായ അന്വേഷണം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ, കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് മാരാരിക്കുളം സ്റ്റേഷൻ ഓഫീസർ എസ്. രാജേഷ് പറഞ്ഞു.
മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധിയാളുകളുടെ മൊഴിയെടുക്കേണ്ടിവന്നു. തിങ്കളാഴ്ച എസ്എൻഡിപി മാരാരിക്കുളം യൂണിയൻ ഓഫീസിൽ വിശദമായ പരിശോധനകൾ നടന്നു. ഇന്നലെ എസ്എൻഡിപി ചേർത്തല യൂണിയൻ ഓഫീസിൽ പരിശോധന നടത്തി.
ഇവിടെയുള്ള ജീവനക്കാരുടെ മൊഴിയും എടുത്തു. തുടർന്ന് ശ്രീകണ്ഠേശ്വരം സ്കൂളിലും പരിശോധന നടത്തി. കേസിന്റെ സമഗ്രമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
അതിനു ശേഷം മഹേശൻ ആത്മഹത്യയ്ക്കു മുൻപ് തയാറാക്കിയ കത്തുകളിൽ പറയുന്നവരുടെ മൊഴിയെടുക്കും. കത്തിൽ മഹേശൻ ആരോപിക്കുന്ന എല്ലാ കാര്യങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്നും എസ്. രാജേഷ് പറഞ്ഞു. ്