കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള മാര്‍ക്കറ്റിന്റെ ഭാഗങ്ങള്‍ അടച്ച സാഹചര്യത്തില്‍ പച്ചക്കറി വ്യാപാരികള്‍ കച്ചവടം മറൈന്‍ഡ്രൈവിലേക്ക് മാറ്റി.
ഇന്നലെയാണ് മാര്‍ക്കറ്റില്‍ ഈ ഭാഗത്തെ കടകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത്. ഇതേതുടര്‍ന്ന് ഇന്ന് രാവിലെ മുതലാണ് വ്യാപാരികള്‍ കച്ചവടം മറൈന്‍ ഡ്രൈവിലേക്ക് മാറ്റിയത്.
മാര്‍ക്കറ്റ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നതിനാല്‍ വ്യാപാരികള്‍ക്ക് നഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാലാണ് ജില്ലാ ഭരണകൂടം കച്ചവടം നടത്തുന്നതിന് മറൈന്‍ഡ്രൈവില്‍ സൗകര്യമൊരുക്കിയത്.
മൊത്ത വ്യാപാരികള്‍ക്കുള്ള താത്കാലിക സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെനിന്നും മറ്റു കടകളിലേക്കുള്ള വ്യാപാരം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
ചില്ലറ വില്പന അനുവദിക്കില്ലെന്നും സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ടി.ജെ. വിനോദ് എംഎല്‍എ അറിയിച്ചു. കൂടാതെ ജില്ലാ കളക്ടറും സ്ഥലത്തെത്തിയിരുന്നു. സാമൂഹിക അകലം പാലിച്ചാണോ കച്ചവടം നടത്തുന്നതെന്ന് പരിശോധിക്കുന്നതിന് പോലീസും ഉണ്ടായിരുന്നു.
മുന്‍പ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മാര്‍ക്കറ്റില്‍ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള ഭാഗം അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
മാര്‍ക്കറ്റില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ള എല്ലാവരുടെയും സാമ്പിളുകള്‍ ശേഖരിക്കുകയും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ റാന്‍ഡം പരിശോധന നടത്താനും കളക്ടര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 26 പേരുടെ സാമ്പിള്‍ പരിശോധിച്ചു.