ജിതേഷ് ചെറുവള്ളിൽ
ഉർവശീ ശാപം ഉപകാരം എന്ന പോലെ വനമേഖലയിൽ നിന്നും ശേഖരിക്കുന്ന ചക്കപ്പഴം വിറ്റ് ഉപജീവനം നടത്തിയിരുന്ന ലക്ഷ്മിയ്ക്ക് ലോക്ക്ഡൗണ്‍ സംരംഭകത്വത്തിലേക്കുള്ള വഴിയാണ് തുറന്നത്.
ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ നിന്നും ശേഖരിക്കുന്ന ചക്കപ്പഴങ്ങൾ മറയൂർ ടൗണിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിറ്റഴിച്ചായിരുന്നു ഈച്ചാംപ്പെട്ടി മലപുലയ കോളനിയിലെ ലക്ഷ്മിയും കുടുംബവും ജീവിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വനവിഭവങ്ങൾ ശേഖരിച്ച് വിറ്റിരുന്ന ഇവരുടെ ജീവിതം വഴിമുട്ടി.
സഞ്ചാരികൾ ധാരാളം എത്തുന്ന കരിമുട്ടി വെള്ളച്ചാട്ടം, ആലാംപെട്ടി, എത്തിനിക്ക് കഫേ, ട്രക്കിംഗ് പോയിന്റ് എന്നിവിടങ്ങളിലാണ് ലക്ഷ്മിയും ഭർത്താവ് വെള്ളയനും ചക്ക എത്തിച്ച് വില്പന നടത്തിയിരുന്നത്.
വിനോദ സഞ്ചാരികൾ എത്താതിരുന്നതോടെ ചക്കപ്പഴങ്ങൾ പ്ലാവിൽ തന്നെ കിടന്ന് പഴുക്കുകയും ഇവ തേടി എത്തുന്ന കാട്ടാനക്കൂട്ടത്തെ കൂടി ഭയപ്പെടേണ്ട അവസ്ഥയിലുമായയി കോളനിക്കാർ.
സന്ദർശനം വഴിത്തിരിവായി
കോവിഡ് കാലത്ത് ചിന്നാർ വന്യജീവി സങ്കേതത്തിലെ ആദിവാസികൾ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കുന്നതിന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, ചിന്നാർ വന്യജീവി സങ്കേതത്തിലെ സോഷ്യൽ വർക്കർ മിനി കാശിയെ വിവിധ ആദിവാസി കോളനികൾ സന്ദർശിക്കാനായി നിയോഗിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോളനിയിലെത്തിയപ്പോൾ ലക്ഷ്മിയും കുടുംബവും കച്ചവടം നിലച്ചകാര്യം അവരെ അറിയിച്ചു.
മുതൽക്കൂട്ടായത് പരിശീലനം
ഇക്കാര്യം മൂന്നാർ വൈൽഡ് ലൈഫ് വാർഡനെ അറിയിച്ചപ്പോൾ ഇവ ചിപ്സാക്കി വിൽക്കുന്നതിനുള്ള പരിശീലനവും സാങ്കേതിക സഹായവും നൽകി. ലക്ഷ്മിയെ കൂടാതെ മകൾ സുമിത്ര, മകന്റെ ഭാര്യ വിനീത എന്നിവരും പരിശീലനത്തിൽ പങ്കാളികളായി.
വിപണിക്കായി മറയൂരിലെ ജി.ആർ. എന്റർപ്രൈസസ് ഉടമ ജി. രാജനുമായി ബന്ധപ്പെട്ടപ്പോൾ ലോക്ക് ഡൗണ്‍ കാലമായതിനാൽ ഇത്തരം വിഭവങ്ങൾ കുറവാണെന്നും എത്ര കൊണ്ടുവന്നാലും വിറ്റഴിച്ച ്തരാമെന്നും പറഞ്ഞ് പ്രോത്സാഹനം നൽകിയതോടെ ഇവരുടെ ആവേശം ഇരട്ടിയായി. പിന്നീട് തകൃതിയായി ചിപ്സ് നിർമിച്ച് 250 ഗ്രാം വീതമുള്ള 100 പായ്ക്കറ്റുകൾ കടയിൽ എത്തിച്ച് നൽകി.
നല്ല കാട്ടുചക്കയിൽ വറുത്തെടുത്ത ചിപ്സ് അന്നുതന്നെ വിറ്റുതീർന്നു. വാങ്ങിയവർ വീണ്ടും അന്വേഷിച്ച് എത്തിയതോടെ ലക്ഷ്മിയുടെ സംരംഭം ക്ലിക്കായി. ചക്ക വില്പനയെക്കാളും ഇത് ലാഭകരമാണെന്ന് ലക്ഷ്മിയും കുടുംബവും പറയുന്നു.
കടയിൽ എത്തിച്ച് നൽകിയാൽ അപ്പോൾ തന്നെ പണം ലഭിക്കും. ചക്കപ്പഴം വിറ്റിരുന്നപ്പോൾ റോഡരികിൽ ചക്കയുമായി രാവിലെ മുതൽ വൈകുന്നേരം വരെ നിൽക്കേണ്ടിവരും. ഇന്ന് ആരോടും വിലപേശേണ്ടതില്ല. ഇതിന് പുറമേ കൂടുതൽ വരുമാനവും ലഭിക്കാൻ തുടങ്ങിയതോടെ ലക്ഷ്മിയുടെ ജീവിതം പച്ചപിടിച്ച് തുടങ്ങിയിരിക്കുകയാണ്.
അവസാനിച്ചു…