തൊടുപുഴ: സംസ്ഥാനത്ത് പഴകിയ മൽസ്യം പിടികൂടുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ സാഗർറാണി പേരിന് മാത്രമായതോടെ പലയിടങ്ങളിലും വില്പനയ്ക്കെത്തുന്നത് പഴകിയ മൽസ്യം.
ചൊവ്വാഴ്ച രാത്രി തൊടുപുഴ വെങ്ങല്ലൂരിൽ നിന്നു 800 കിലോ പഴകിയ മൽസ്യം പിടികൂടി.കൊച്ചിയിൽ നിന്നും തൊടുപുഴയിലെ കടകളിൽ വില്പനയ്ക്കായി പിക്കപ്പ് വാനിൽ എത്തിച്ചതായിരുന്നു ഇവ. കറുത്ത ആവോലി, വറ്റ തുടങ്ങിയ മൽസ്യങ്ങളാണു പിടിച്ചെടുത്തത്.
ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് തൊടുപുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി 12-ഓടെയാണ് സംഭവം.
പോലീസ് അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മീൻ ഭക്ഷ്യയോഗ്യമല്ലെന്നും മാസങ്ങൾ പഴക്കമുള്ളതാണെന്നും വ്യക്തമായി. മൽസ്യം കേടുകൂടാതിരിക്കാനുള്ള യാതൊരു മാർഗങ്ങളും സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തി.
പിടിച്ചെടുത്ത മൽസ്യം കോലാനിയിലെ തെങ്ങിൻ തോപ്പിൽ കുഴിച്ചുമൂടി. തുടർന്ന് ഇന്നലെ രാവിലെ ഭക്ഷ്യസുരക്ഷാ വിഭാഗം വെങ്ങല്ലൂർ, മണക്കാട്, മങ്ങാട്ടുകവല എന്നിവിടങ്ങളിലെ വില്പന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 15 കിലോയോളം പഴകിയ മത്സ്യവും പിടികൂടി.ഏഴു കടകളിൽ നിന്നായി 15 കിലോ ചൂരയാണ് പിടിച്ചെടുത്തത്.
തൊടുപുഴ ഫുഡ് സേഫ്റ്റി ഓഫീസർ എം.എൻ. ഷംസിയ, ദേവികുളം ഫുഡ് സേഫ്റ്റി ഓഫീസർ സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേ സമയം തൊടുപുഴ മേഖലയിൽ പഴകിയ മൽസ്യം വ്യാപകമായി വിറ്റഴിക്കുന്നതായും പരിശോധനകൾ കൃത്യമായി നടക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലയളവിൽ സംസ്ഥാനത്തേക്ക് പഴകിയ മൽസ്യം വ്യാപകമായ തോതിൽ എത്തിച്ചിരുന്നു.
വിവിധ പ്രദേശങ്ങളിൽ നിന്നു ടണ്‍കണക്കിനു പഴകിയ മൽസ്യം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നേരത്തെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുകയും സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തിലാകുകയും ചെയ്തതോടെ ആന്ധ്ര, തമിഴ്നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നു ടണ്‍കണക്കിനു മൽസ്യമാണ് ഇവിടേക്ക് എത്തിക്കുന്നത്.
കേര, ഓലക്കുടി, വറ്റ, ചൂര ഉൾപ്പെടെയുള്ള വലുപ്പം കൂടിയ മൽസ്യങ്ങളിൽ ഭൂരിഭാഗവും കേടായതും ഭക്ഷ്യയോഗ്യമല്ലാത്തതുമാണ്. മൽസ്യ വില്പന കേന്ദ്രങ്ങളിൽ കൃത്യമായി പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകാത്തതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.