കാഞ്ഞിരപ്പള്ളി: മാസ്ക് ധരിക്കുന്നതുമൂലം ചെവിയുടെ പുറകിൽ വേദന അനുഭവപ്പെടുന്നു എന്ന പരാതിക്ക് പരിഹാരമായിരിക്കുന്നു.
ചെവിക്ക് ആയാസമില്ലാതെ മാസ്ക് ധരിക്കാൻ സഹായിക്കുന്ന “മാസ്ക് ബക്കിൾസ്’ എന്ന പുതിയ പ്രൊഡക്ട് പുറത്തിറക്കിയിരിക്കുന്നത് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ സ്റ്റാർട്ട്അപ്പ് വാലിയിൽ പ്രവർത്തിക്കുന്ന ഐ ഇറ ടെക്നിക്കൽ സൊല്യൂഷൻസ്, കാസ്പറോബ് റോബോട്ടിക്സ് എന്നീ കന്പനികളാണ്.
സ്ഥിരമായി മാസ്ക് ധരിക്കുന്നതു മൂലം ചെവിയുടെ പുറകിൽ പലർക്കും വേദന അനുഭവപ്പെടാറുണ്ട്. മാത്രവുമല്ല മാസ്ക് ധരിക്കുന്നതു മൂലം ചെവിയുടെ പുറകിലുണ്ടാകുന്ന അധിക സമ്മർദം ഭാവിയിൽ ശാരീരിക ബുദ്ധിമുട്ടുകൾക്കും ഇടയാക്കും. ഈ പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കാനാകും എന്നതാണ് മാസ്ക് ബക്കിൾസ് എന്ന പ്രൊഡക്ടിന്റെ പ്രത്യേകത.
ചെവിയിൽ കോർത്തിടുന്നതിനു പകരം തലയുടെ പുറകിൽ മാസ്കിന്റെ ഇരുവശത്തെയും വള്ളികൾ മാസ്ക് ബക്കിൾസിലൂടെ ഘടിപ്പിക്കാൻ കഴിയും.
ഏത് മെഡിക്കൽ ഷോപ്പുകളിലും മാസ്ക് ബക്കിൾസ് ലഭ്യമാകും. 15 രൂപയാണ് വില. ഓരോ വസ്ത്രങ്ങൾക്കും ഇണങ്ങും വിധം വിവിധ കളറുകളിൽ ലഭ്യമാകും എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. കൊച്ചു കുട്ടികൾ മുതൽ ഏതു പ്രായക്കാർക്കും ഉപയോഗിക്കാനാകും.
ചോളത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന വസ്തു ഉപയോഗിച്ചാണ് മാസ്ക് ബക്കിൾസിന്റെ നിർമാണം എന്നതുകൊണ്ടുതന്നെ ഇതു ഒരു പ്രകൃതി സൗഹൃദ ഉല്പന്നം കൂടിയാണെന്നു പാറത്തോട് സ്വദേശികളായ ഐഇറ ടെക്നിക്കൽ സൊല്യൂഷൻസ് എംഡി ഡോ. മോഹൻ കൃഷ്ണൻ, മകനും കന്പനി സിഇഒയുമായ സിദ്ധാർഥ് മോഹൻ എന്നിവർ പറഞ്ഞു.
ചെലവു കുറഞ്ഞ ടച്ച്ലസ് ഓട്ടോ ഹാൻഡ് സാനിറ്റൈസർ ഉപകരണത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ കന്പനിയെന്നും ഇവർ പറഞ്ഞു.