ന്യൂഡൽഹി: ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വെയ്ബോയിലെ അക്കൗണ്ട് ഉപേക്ഷിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. 59 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ ഇന്ത്യയിൽ നിരോധിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രി വെയ്ബോ ഉപേക്ഷിക്കുന്നത്.
ബുധനാഴ്ച മുതൽ പ്രധാനമന്ത്രിയുടെ വെയ്ബോ അക്കൗണ്ട് ലഭ്യമല്ല. ഈ അക്കൗണ്ടിലെ പോസ്റ്റുകളും കമന്റുകളും നീക്കിയിട്ടുണ്ട്. 115 പോസ്റ്റുകളാണു മോദി വെയ്ബോയിൽ ഇട്ടിരുന്നത്. ഇത് ജീവനക്കാർ നീക്കി എന്നാണു വിവരം. ചൈനീസ് പ്രസിഡന്റിനൊപ്പമുള്ള രണ്ടു ചിത്രങ്ങൾ അക്കൗണ്ടിൽ ശേഷിക്കുന്നുണ്ട്.
2.4 ലക്ഷം ഫോളോവേഴ്സാണു മോദിക്കു വെയ്ബോയിലുള്ളത്. വർഷങ്ങൾക്കു മുൻപു ചൈനീസ് സന്ദർശന വേളയിലാണു മോദി വെയ്ബോയിൽ അംഗത്വം എടുത്തത്.
ഗൽവാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യ സുരക്ഷ മുൻനിർത്തിയാണ് ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. ടിക് ടോക്ക്, യുസി ബ്രൗസർ, കാം സ്കാനർ, ഹലോ എന്നിവ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.