സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾക്കു പിഴ ശിക്ഷ പോലീസിന് നേരിട്ട് ഈടാക്കാൻ അനുമതി നൽകി കേരള പൊതുജനാരോഗ്യ- പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസിൽ ഭേദഗതി വരുത്താൻ മന്ത്രിസഭാ തീരുമാനം.
നിലവിൽ പകർച്ച വ്യാധി നിയമലംഘനങ്ങൾക്ക് കേസെടുത്തു കോടതിക്കു കൈമാറുക മാത്രമാണ് പോലീസ് ചെയ്തിരുന്നത്. ഭേദഗതി നിലവിൽവരുന്നതോടെ പിഴയീടാക്കാവുന്ന കുറ്റങ്ങൾക്ക് പോലീസ് തന്നെ പിഴ ഈടാക്കും.
പിഴ സംബന്ധിച്ച് പട്ടികയുണ്ടാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊക്കെ കുറ്റകൃത്യങ്ങൾക്കാണ് പിഴയീടാക്കാവുന്നതെന്നതിന് വ്യക്തമായ ചട്ടമുണ്ടാക്കാനും മന്ത്രിസഭ തീരുമാനിച്ചു. പിഴ ഈടാക്കുക വഴി സർക്കാരിലേക്കു കോടിക്കണക്കിനു രൂപ ലഭിക്കും.
കോവിഡ് നിയമ ലംഘനവുമായി ബന്ധപ്പെട്ടുള്ള ശിക്ഷയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്കിടയിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ ഓരോ കുറ്റകൃത്യത്തിന്റെയും ശിക്ഷയും പിഴത്തുകയും കൃത്യമായി നിർവചിച്ചു വിജ്ഞാപനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവി, സർക്കാരിനു കത്തു നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി.