തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടി സാത്താൻകുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ കൊടിയ മർദനമേറ്റു മരിച്ച കേസിൽ കൂടുതൽ അറസ്റ്റ്. ഇന്ന് രാവിലെ രണ്ട് പോലീസുകാർ കൂടി കേസിൽ അറസ്റ്റിലായി. എസ്ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾ മുത്തുരാജ് എന്നിവരാണ് ഇന്ന് പുലർച്ചെ അറസ്റ്റിലായത്.
ഇതോടെ കേസിൽ നാല് പേർ അറസ്റ്റിലായി. ബുധനാഴ്ച രാത്രയിൽ സബ് ഇൻസ്പെക്ടർ രഘു ഗണേശ്, ഹെഡ് കോൺസ്റ്റബിൾ മുരുകൻ എന്നിവരെ സിബി സിഐഡി അറസ്റ്റ് ചെയ്തിരുന്നു. രഘു ഗണേശിന്റെ അറസ്റ്റ് വാർത്ത സാത്താൻകുളം നിവാസികൾ പടക്കം പൊട്ടിച്ച് ആഘോഷമാക്കി.
ലോക്ക്ഡൗൺ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പോലീസിനെതിരേ കടുത്ത ആരോ പണമായി ജുഡീഷൽ കമ്മീഷനു മുമ്പാകെ വനിതാ കോൺസ്റ്റബിൾ രേവതി ഹാജരായി. ഒരുരാത്രിമുഴുവൻ കൊടിയ പീഡനത്തിനാണ് ഇരുവരും ഇരയായത്.
ലാത്തികൊണ്ടു മർദ്ദിച്ചശേഷം ഇരുവരെയും കിടത്തിയ മേശയിൽ രക്തത്തിന്റെ അംശം ഉണ്ടായിരുന്നതായും അവർ പറഞ്ഞു. വനിതാ കോൺസ്റ്റബിളിന്റെ മൊഴി ഹൈക്കോടതിക്കു കൈമാറുമെന്ന് ജുഡീഷൽ കമ്മിഷൻ വ്യക്തമാക്കി. രേവതിയുടെ കുടുംബത്തിനു സംരക്ഷണം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
കേസിൽ ക്രൈംബ്രാഞ്ച് സിഐഡി അന്വേഷണം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിർദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി ഏറ്റെടുത്തത്.
തിരുനൽവേലി ഡെപ്യൂട്ടി സൂപ്രണ്ട് അനിൽകുമാറിനാണ് അന്വേഷണച്ചുമതല. കേസിലെ പ്രാഥമികരേഖകൾ അന്വേഷണസംഘം ഏറ്റു വാങ്ങി. പീഡനം നടന്ന സ്റ്റേഷനിൽ പരിശോധന നടത്തുകയും ചെയ്തു.