ശരീരവണ്ണം പലരുടെയും പ്രശ്നമാണ്. “നല്ല വണ്ണമാണ്’എന്നാണ് പറയുന്നതെങ്കിലും അർഥം വേറെയാണ്. വണ്ണം കുറയ്ക്കണമെന്ന് പലർക്കും ആഗ്രഹമുണ്ട്.
“ആഗ്രഹം’മാത്രമേ ഉള്ളൂവെന്നതിനാൽ വണ്ണം ഒരിക്കലും കുറയുകയുമില്ല. ഇവർക്കുള്ള മറുപടിയാണ് ആര്യയുടെ കഥ. കൃത്യമായ ഡയറ്റിംഗും വര്‍ക്കൗട്ടും ആത്മാർതഥയുമുണ്ടെങ്കിൽ വണ്ണം കുറയ്ക്കല്‍ ബാലികേറാമലയല്ലെന്ന് തെളിയിക്കുകയാണ് ആര്യ പെര്‍മാന എന്ന പതിനാലുകാരന്.
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വണ്ണമുള്ള കുട്ടി എന്നറിയപ്പെട്ടിരുന്ന ആര്യ വെറും നാലുവര്‍ഷം കൊണ്ട് കുറച്ചത് 108 കിലോയാണ്. ഇന്തോനേഷ്യയില്‍ നിന്നുള്ള ആര്യയുടെ വണ്ണം കുറച്ച കഥയെക്കുറിച്ച് പേഴ്സണല്‍ ട്രെയിനറും ബോഡി ബില്‍ഡറുമായ ആദേ റായാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
2016ല്‍ ആദ്യമായി ആര്യയെ കണ്ട ദിവസത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചാണ് അഡെ റായ് ആര്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ പങ്കുവെയ്ക്കുന്നത്. ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തില്‍ സാധാരണകുടുംബത്തിലായിരുന്നു ആര്യ പെര്‍മാനയുടെ ജനനം. എട്ട് വയസ് വരെ സാധാരണ ജീവിതമായിരുന്നു. എട്ട് വയസായപ്പോൾ അവനില്‍ വലിയൊരു മാറ്റം കണ്ടുതുടങ്ങി. എത്ര കഴിച്ചാലും മതി വരാത്ത അവസ്ഥ.
ഇറച്ചിയും മീനും ന്യൂഡില്‍സും പലഹാരങ്ങളും എല്ലാം അടക്കം, അഞ്ച് നേരം സമൃദ്ധമായി ഭക്ഷണം വേണം. രണ്ട് വര്‍ഷം കൊണ്ട് പത്തുവയസുകാരനായ ആര്യയുടെ വണ്ണം 192 കിലോ ആയി. ഒടുവില്‍ ലോകത്തിലെ ഏറ്റവും വണ്ണമുള്ള കുട്ടിയെന്ന പേരും അവന് കിട്ടി. ഇതോടെ ആര്യ വീട്ടിന് പുറത്തിറങ്ങാതായി, സ്കൂള്‍ പഠനവും ഉപേക്ഷിക്കേണ്ട അവസ്ഥയായി.
അങ്ങനെയിരിക്കെയാണ് പ്രമുഖ ‘ബോഡി ബില്‍ഡര്‍’ ആദേ റായ് ആര്യയുടെ ജീവിതത്തിലെത്തുന്നത്. ആദ്യമെല്ലാം എഴുന്നേറ്റ് നില്‍ക്കാനും ഇരിക്കാനും വരെ ആര്യക്ക് കഴിയുമായിരുന്നില്ല. വിശപ്പ് കുറയ്ക്കാന്‍ വേണ്ടി വയറ്റില്‍ ഒരു ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ഡയറ്റ്, ആദേയുടെ നേതൃത്വത്തില്‍ കഠിനമായ വര്‍ക്കൗട്ട് എല്ലാം ചിട്ടയായി തുടര്‍ന്നു. രണ്ട് വര്‍ഷം വീണ്ടും കടന്നുപോയി. 192 കിലോയില്‍ നിന്ന് ഇപ്പോള്‍ ആര്യ എത്തിനില്‍ക്കുന്നത് 83 കിലോയില്‍.
ഇന്നിപ്പോൾ ലോകത്തെ ഏറ്റവും വണ്ണം കൂടിയ കുട്ടി ആര്യയല്ല. ഇനി ശരീരത്തില്‍ അവിടവിടെയായി തൂങ്ങിക്കിടക്കുന്ന അധികചര്‍മ്മം നീക്കാനുള്ള ഒരു ശസ്ത്രക്രിയ കൂടിയേ ബാക്കിയുള്ളൂ.