കോട്ടയം: മറിയപ്പള്ളിയിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കഞ്ചാവ് മാഫിയകളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ ഭാഷാ മ്യൂസിയം സ്ഥാപിക്കുന്നതിനായി കാടു വെട്ടി തെളിച്ചതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
ഇന്ത്യാ പ്രസ് വർഷങ്ങൾക്കു മുൻപ് അടച്ചു പൂട്ടിയതിനെ തുടർന്ന് പ്രസും പരിസര പ്രദേശങ്ങളും കാടു മൂടിയ നിലയിലായിരുന്നു. വിശാലമായ പുരയിടത്തിൽ കാട് വളർന്നതോടെ പരിസരവാസികൾ പോലും പ്രദേശത്തെ അവഗണിച്ചു.
ഇതോടെയാണ് ഈ പ്രദേശം കഞ്ചാവ് മാഫിയകൾ താവളമാക്കിയത്. തിരക്കേറെയുള്ള എംസി റോഡരികിലായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നതാണ് മാഫിയ സംഘങ്ങളും അനാശാസ്യ പ്രവർത്തകരും ഇവിടം താവളമാക്കാൻ കാരണം.
ലഹരി മാഫിയ സംഘങ്ങൾ കൂടുതലായി തന്പടിച്ചിരുന്ന ഇവിടത്തെ കാന്റീൻ കെട്ടിടത്തിനു സമീപമുള്ള പുളിമരത്തിനോട് ചേർന്നാണ് അസ്ഥികൂടം കണ്ടെത്തിയിരുന്നത്. ഇതാണ് മാഫിയ സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നതിന്റെ കാരണം.
ലോക്ക് ഡൗണ് ആരംഭിക്കുന്നതു മുന്പ് ഈ പ്രദേശത്ത് പകൽ-രാത്രി വ്യത്യാസമില്ലാതെ മാഫിയ സംഘങ്ങൾ തന്പടിച്ചിരുന്നു. ആദ്യകാലങ്ങളിൽ മാഫിയ സംഘങ്ങളുടെ ശല്യം വർധിച്ചപ്പോൾ പ്രദേശവാസികൾ പതിവായി ചിങ്ങവനം പോലീസിലേക്കു വിളിച്ചറിയിക്കുമായിരുന്നു.
നാളുകൾ കഴിഞ്ഞതോടെ പ്രദേശവാസികൾ ഇവിടുത്തെ കാര്യങ്ങൾ ശ്രദ്ധിക്കാതെയായി. ഇതോടെ പോലീസും കാര്യങ്ങൾ അന്വേഷിച്ച് എത്താതായി. പിന്നീട് ഇവിടെ ലഹരി മാഫിയ സംഘങ്ങൾ ആസ്ഥാന കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.
വിവിധ സ്ഥലങ്ങളിൽ നിന്നും ബൈക്ക്, കാർ എന്നീ വാഹനങ്ങളിൽ ഉൾപ്പെടെ എത്തിയാണ് ലഹരി-കഞ്ചാവ് മാഫിയ സംഘങ്ങൾ ഇവിടെ വിഹരിച്ചിരുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ ഇവിടെ ആളുകളെ കണ്ടെത്തിയാൽ പോലീസും ആവശ്യമായ നടപടികൾ സ്വീകരിക്കാറില്ലെന്നു പ്രദേശവാസികൾ പരാതിപ്പെടുന്നു.
ഇതിനു പുറമേ കാട് പിടിച്ചു കിടക്കുന്ന ഈ സ്ഥലത്ത് സാമൂഹിക വിരുദ്ധർ രാത്രികാലങ്ങളിൽ മാലിന്യങ്ങളും നിക്ഷേപിച്ചിരുന്നു. ഇതിനാൽ പ്രദേശത്തുനിന്നും രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടാലും ആരും തിരിഞ്ഞു നോക്കാറില്ല.
ജിഷ്ണുവിനെ കൊന്നതാവാനേ തരമുള്ളൂ: കുടുംബാംഗങ്ങൾ
വൈക്കം: വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്കു പോയ ജിഷ്ണു കൊല ചെയ്യപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് കുടുംബാംഗങ്ങൾ. അസ്ഥികൂടം കണ്ടെത്തിയതിന്റെ സമീപത്തു നിന്നും കിട്ടിയ വസ്ത്രങ്ങൾ, ഫോണ്, ചെരുപ്പ് തുടങ്ങിയവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരിച്ചതു ജിഷ്ണു തന്നെയെന്ന് ഉറപ്പിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കുടുംബാംഗങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾ പലതാണ്.
ഇടതൂർന്ന കരുത്തുള്ള മുടിയുണ്ടായിരുന്ന ജിഷ്ണുവിന്റെ തലമുടി മൃതദേഹാവശിഷ്ടങ്ങളിൽ നിന്നും ലഭിച്ചിട്ടില്ല. കൈകൾ കൂട്ടി കെട്ടിയ നിലയിൽ കണ്ടെത്തിയ ഷർട്ടിൽ കീറലുകൾ ഉണ്ടായിരുന്നത് ബലപ്രയോഗത്തിന്റെ ലക്ഷണമാണെന്ന് സംശയിക്കുന്നു.
ശാന്തനും ഉപകാരിയുമായിരുന്ന ജിഷ്ണു കുടുംബവുമായും നാടുമായും അടുത്ത ബന്ധമുള്ളയാളായിരുന്നു. ജിഷ്ണുവിന് ജീവനൊടുക്കേണ്ട യാതൊരു കാരണവുമുണ്ടായിരുന്നില്ല. വീട്ടുകാരുടെ അറിവിൽ ജിഷ്ണുവിന് ഒരു ഫോണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ജിഷ്ണുവിന്റെ സ്വർണ മാലയും കണ്ടെത്താനായിട്ടില്ല… തുടങ്ങിയ സംശയങ്ങളാണ് കുടുംബാംഗങ്ങൾ ഉന്നയിക്കുന്നത്. ഇക്കാര്യങ്ങളിൽ വ്യക്തമായ ഉത്തരം നല്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല.
ബസിൽ ബാറിനു മുന്നിലിറങ്ങിയ ജിഷ്ണു മറ്റൊരു ബസിൽ കോട്ടയം ഭാഗത്തേക്കു പോയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബസിൽ വച്ച് ജിഷ്ണു ഫോണിൽ ആരുമായോ സംസാരിച്ചിരുന്നതായും കെഎസ്ആർടിസി കണ്ടക്ടർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
അടുപ്പമുള്ള ആരോ ജിഷ്ണുവിനെ കോട്ടയത്തേക്കു വിളിച്ചു വരുത്തി മാല തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിൽ ഉണ്ടായ ബലപ്രയോഗത്തിനിടയിൽ അപായപ്പെടുത്തിയിരിക്കാമെന്ന സംശയവും ജിഷ്ണുവിന്റെ കുടുബാംങ്ങൾ ഉന്നയിക്കുന്നുണ്ട്.
കുട്ടികളെയും ചെറുപ്പക്കാരേയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി അവയവങ്ങൾ കൈമാറ്റം ചെയ്യുന്ന മാഫിയയാണോ ജീഷ്ണുവിന്റെ തിരോധാനത്തിനു പിന്നിലെന്ന സംശയവും വീട്ടുകാർക്കുണ്ട്.
ജിഷ്ണുവിന്റെ വസ്ത്രത്തിനും മറ്റ് വസ്തുക്കൾക്കുമൊപ്പം അന്വേഷണം വഴിതിരിച്ചുവിടാൻ മറ്റൊരു അസ്ഥികൂടം വച്ചിട്ട് മറ്റൊരിടത്തു ജിഷ്ണുവിന്റെ മൃതദേഹം ഒളിപ്പിച്ചതായും സംശയിക്കുന്നതായി ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
ജിഷ്ണുവിന്റെ തിരോധാനത്തിലെ ദുരൂഹതനീക്കാൻ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.