പത്തനംതിട്ട: കോവിഡ് ചികിത്സാ രീതിയില്‍ വന്ന മാറ്റത്തിലൂടെ സംസ്ഥാനത്തു രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകും. ഒരു തവണ നെഗറ്റീവാകുന്നവരെയും ആശുപത്രി വിടാന്‍ അനുവദിക്കാമെന്ന പുതിയ ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്.
ഇതനുസരിച്ച് ഇന്നലെ രാത്രി തന്നെ പത്തനംതിട്ടയില്‍ ഒമ്പതുപേരെ കൂടി ഡിസ്ചാര്‍ജ് ചെയ്തു.കോവിഡ് ചികിത്സയില്‍ തുടര്‍ച്ചയായ രണ്ടു ഫലങ്ങള്‍ നെഗറ്റീവാകുന്നവരെ മാത്രമാണ് ഇന്നലെവരെ ഡിസ്ചാര്‍ജ് ചെയ്തുവന്നിരുന്നത്.
പുതിയ നിര്‍ദേശ പ്രകാരം രോഗികളെ ആശുപത്രിയിലെത്തിച്ച് പത്തുദിവസം കഴിയുന്നതോടെ സ്രവ പരിശോധന ആരംഭിക്കും. രോഗലക്ഷണമില്ലാത്തവരെ പത്തുദിവസം കഴിയുമ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ 14 ദിവസം കഴിഞ്ഞും പരിശോധിക്കും.
പരിശോധനാ ഫലം പോസിറ്റീവ് ആയി തുടരുകയാണെങ്കില്‍ ഓരോ രണ്ടുദിവസം ഇടവേളകളിലും പരിശോധന തുടരും. നെഗറ്റീവായാല്‍ ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യും. പിന്നീടുള്ള ഏഴ് ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.
രോഗലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ ചിലരുടെ ആദ്യഫലം നെഗറ്റീവാണെങ്കിലും പിന്നീട് പോസിറ്റീവായി മാറുന്നത് കണ്ടിരുന്നു. എന്നാല്‍ ഇത്തരക്കാരില്‍ നിന്നു രോഗം പകരില്ലെന്നാണ് ആരോഗ്യവകുപ്പ് നിഗമനം.
രോഗമുക്തി നേടി ആളുകള്‍ ആശുപത്രി വിടുന്നതോടെ ചികിത്സാ സൗകര്യങ്ങളിലെ കുറവും പരിഹരിക്കപ്പെടും. കൂടുതല്‍ പേര് രോഗികളായെത്തുന്ന സാഹചര്യത്തില്‍ രോഗമുക്തി വേഗത്തിലുണ്ടാകേണ്ടതുണ്ട്. നിലവില്‍ ശരാശരി 20 ദിവസം രോഗമുക്തിക്കു വേണ്ടിവരുന്നുണ്ടായിരുന്നു. ഇത് പത്തായി കുറയ്ക്കാന്‍ പുതിയ ക്രമീകരണം വഴിതെളിക്കും.