
ഏറ്റുമാനൂർ: ഫേസ്ബുക്കിൽ കമന്റ് ഇട്ടതിനെ ചൊല്ലി യുവാവിനെ മർദിച്ചവശനാക്കിയ കേസിൽ കീഴടങ്ങിയ നാലു പേരും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ്.
വടവാതൂർ പുത്തൻപറന്പിൽ റഹിലാൽ(27), തെള്ളകം വലിയവീട്ടിൽ ബുദ്ധലാൽ (23), പേരൂർ ഒഴുകയിൽ വിഷ്ണു അനിൽ (23), പുളിഞ്ചുവട് പുതുപ്പറന്പിൽ അജയ് (38) എന്നിവരാണ് ഇന്നലെ ഏറ്റുമാനൂർ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ അയ്മനം മങ്കിഴപടിയിൽ വിനീത് സഞ്ജയനെ (32) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളും റിമാൻഡിലാണ്.
ഏതാനും ദിവസങ്ങൾക്കു മുന്പു ഏറ്റുമാനൂർ പാറോലിക്കലിലുള്ള ബന്ധുവീട്ടിൽ താമസിച്ചിരുന്ന ഫൈസലി(24)നെയാണ് സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടു പോയി മർദിച്ചത്.
പ്രതികളുടെ പരിചയത്തിലുള്ള ഒരാൾ ഫേസ്ബുക്കിൽ ഇട്ട ചിത്രത്തിനു ഫൈസൽ കമന്റ് ഇട്ടിരുന്നു. പ്രതികൾ പലപ്പോഴായി ഇയാളോട് കമന്റ് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഫൈസൽ അതിനു തയാറായിരുന്നില്ല.
ഇതിനെ ചൊല്ലിയുണ്ടായ വൈരാഗ്യത്തിന്റെ പേരിൽ ഇവർ ഫൈസലിനെ വീട്ടിൽ നിന്നും ബലമായി വിളിച്ചിറക്കി തട്ടിക്കൊണ്ടു പോവുകയും വിനീതിന്റെ അയ്മനത്തുള്ള വീട്ടിൽ എത്തിച്ചു മർദിക്കുകയും ചെയ്യുകയായിരുന്നു.
ഫൈസലിന്റെ വീട്ടുകാർ ഏറ്റുമാനൂർ പോലീസിൽ അറിയിച്ചതോടെയാണ് ഇയാളെ അയ്മനത്തുള്ള വിനീതിന്റെ വീട്ടിൽ നിന്നും ഇവരെ കണ്ടെത്തുകയായിരുന്നു.
കേസിലെ പ്രധാന പ്രതിയായ വിനീത് സഞ്ജയൻ നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാ സംഘത്തിൽപ്പെട്ടയാളുമാണെന്നും ഇയാളെ നാളുകൾക്കു മുന്പു കാപ്പ ചുമത്തി നാടുകടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഏറ്റുമാനൂർ എസ്എച്ച്ഒ എ. അൻസാരി, എസ്ഐ അനൂപ് സി. നായർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.